നഴ്‌സിങ് വിദ്യാര്‍ഥിനി അന്‍സിജിയുടെ മരണം; കോളജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്

 
ANSIJA


മാര്‍ത്താണ്ഡം: തമിഴ്‌നാട് മാര്‍ത്തണ്ഡത്ത് നഴ്‌സിങ് വിദ്യാര്‍ഥിനി അന്‍സിജിയുടെ മരണത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. ബത്ലഹേം നഴ്‌സിങ് കോളജ് പ്രിന്‍സിപ്പല്‍ ഷീജയെയാണ് കന്യാകുമാരി കരുങ്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ് .

അധ്യാപകരുടെ മാനസിക പീഡനത്തെത്തുടര്‍ന്നാണ് അന്‍സിജി ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. 

അധ്യാപകരില്‍ നിന്നും അനുഭവിച്ച മാനസിക പീഡനം വെളിപ്പെടുത്തുന്ന അന്‍സിജിയുടെ ശബ്ദസന്ദേശവും പുറത്തുവന്നിരുന്നു. കേസെടുത്തതിന് പിന്നാലെ ഷീജ ഒളിവില്‍ പോയിരുന്നു.

നെയ്യാറ്റിന്‍കര കത്തിപ്പാറ സ്വദേശിനിയും മാര്‍ത്താണ്ഡത്തെ ബത്ലഹേം കോളജ് ഓഫ് നഴ്സിങ്ങിലെ മൂന്നാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനിയുമാണ് അന്‍സിജി. അന്‍സിജിയെ കോളജ് കെട്ടിടത്തില്‍ നിന്ന് വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. 

ഗുരുതരമായി പരിക്കേറ്റ അന്‍സിജിയെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി വരികയായിരുന്നു. എന്നാല്‍ ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

അധ്യാപകരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് അന്‍സിജി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് മാതാപിതാക്കളുടെ ആരോപണം.സംഭവത്തില്‍ കുടുംബം കരുങ്കല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. 

സംഭവത്തില്‍ കോളജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഇടപെടലുകളും വിദ്യാര്‍ഥിനി നേരിട്ടിരുന്ന മാനസിക സമ്മര്‍ദവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.

Tags

Share this story

From Around the Web