തമിഴ്‌നാട്ടില്‍ നഴ്‌സിനെ കൊലപ്പെടുത്തി സ്വര്‍ണം കവര്‍ന്നു; സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍, സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നുവെന്ന് ഡിഎംകെ

 
tn nurse

 
ചെന്നൈ: തിരുപ്പൂരില്‍ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെ കൊലപ്പെടുത്തി നാലുപവന്റെ താലിമാല കവര്‍ന്ന സംഭവത്തില്‍ സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍. പല്ലഗൗണ്ടംപാളയത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ ശരവണന്‍ (23) ആണ് പിടിയിലായത്. 


ഇതേ ആശുപത്രിയിലെ നഴ്‌സായ രാമനാഥപുരം സ്വദേശിനി ഉത്തര (26) ആണ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ 15-നായിരുന്നു നാടിനെ ഞെട്ടിച്ച ക്രൂരകൃത്യം നടന്നത്.


ഒക്ടോബര്‍ 15 മുതല്‍ ഉത്തരയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഒക്ടോബര്‍ 17-ന് വിജയമംഗലം ടോള്‍ഗേറ്റിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് നിന്ന് ഉത്തരയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സഹപ്രവര്‍ത്തകനായ ശരവണനാണ് കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമായത്.

സ്വര്‍ണം തട്ടിയെടുക്കാനുള്ള ലക്ഷ്യത്തോടെയാണ് പ്രതി ഈ കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.


സംഭവദിവസം ഉത്തരയെ ബൈക്കില്‍ കയറ്റി വിജയമംഗലം ടോള്‍ഗേറ്റിന് സമീപത്തേക്ക് കൊണ്ടുപോയ പ്രതി, ഇവിടെവെച്ച് യുവതിയെ കൊലപ്പെടുത്തുകയും നാലുപവന്റെ താലിമാല ഊരിയെടുക്കുകയും ചെയ്യുകയായിരുന്നു. 


മോഷ്ടിച്ച സ്വര്‍ണമാല പ്രതിയില്‍നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

അതേസമയം, നഴ്‌സിന്റെ കൊലപാതകം തമിഴ്‌നാട്ടില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ക്രമസമാധാനനില പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.


 ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് ഡിഎംകെ നേതൃത്വം ശക്തമായി വിമര്‍ശിച്ചു. 

സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന അക്രമസംഭവങ്ങളും ലഹരി മാഫിയകളുടെ പ്രവര്‍ത്തനങ്ങളും പൊലീസ് വകുപ്പിന്റെ വീഴ്ചയാണ് വ്യക്തമാക്കുന്നതെന്ന് ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ ആരോപിച്ചു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ശക്തമായ ഇടപെടലുകള്‍ ഉണ്ടാകണമെന്ന ആവശ്യം ശക്തമാവുകയാണ്.

Tags

Share this story

From Around the Web