സന്യാസജീവിതം ക്രിസ്തുവില്‍ കൂടുതല്‍ ആഴത്തില്‍ വേരൂന്നണം: ലിയോ പാപ്പാ

 
leo papa



ബെനഡിക്‌റ്റൈന്‍ കുടുംബത്തില്‍പ്പെട്ട വിവിധ സന്യാസിനി  സഭകള്‍ക്കായുള്ള ഒരു കൂട്ടായ്മ എന്ന നിലയില്‍ 2001 ല്‍ സ്ഥാപിതമായ അന്താരാഷ്ട്ര ബെനഡിക്‌റ്റൈന്‍ കൂട്ടായ്മയില്‍ അംഗങ്ങളായിരിക്കുന്നവര്‍ക്ക് വേണ്ടി നടത്തപ്പെടുന്ന സിമ്പോസിയത്തില്‍ പങ്കെടുക്കുന്നവരുമായി, സെപ്റ്റംബര്‍ മാസം  പന്ത്രണ്ടാം തീയതി, ലിയോ പതിനാലാമന്‍ പാപ്പാ കൂടിക്കാഴ്ച്ച നടത്തുകയും, അവര്‍ക്ക് സന്ദേശം നല്‍കുകയും ചെയ്തു. 


ഏകദേശം 13,000 സന്യാസിനികളാണ്, വിശുദ്ധ ബെനഡിക്റ്റിന്റെ നിയമം പിന്തുടര്‍ന്നുകൊണ്ട് ഈ കൂട്ടായ്മയില്‍ ഉള്ളത്. കൂടിക്കാഴ്ച്ചയില്‍ ഏവരെയും സ്വീകരിക്കുന്നതില്‍ തനിക്കുള്ള അതിയയായ സന്തോഷം പാപ്പാ എടുത്തുപറഞ്ഞു.

ബെനഡിക്‌റ്റൈന്‍ കോണ്‍ഫെഡറേഷനുവേണ്ടി ലിയോ പതിമൂന്നാമന്‍ തുടക്കം കുറിക്കുകയും, പ്രോത്സാഹിപ്പിക്കുകയും,  തുടര്‍ന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പിന്‍താങ്ങുകയും  ചെയ്ത കൂട്ടായ്മയുടെയും ഏകോപനത്തിന്റെയും പാത ഇരുപത്തിയഞ്ച് വര്‍ഷമായി തുടരുന്നതില്‍  പാപ്പാ അംഗങ്ങളെ അഭിനന്ദിച്ചു. 

ഓരോ വ്യക്തിയുടെയും പ്രത്യേകതയെ എല്ലാവര്‍ക്കും ഒരു നിധിയാക്കി മാറ്റുന്ന  ഒരു  സിനഡാലിറ്റി ചൈതന്യത്തില്‍, ബെനഡിക്‌റ്റൈന്‍ കാരിസം  ജീവിക്കാനും, മുന്നോട്ട് കൊണ്ടുപോകാനും ലക്ഷ്യമിട്ടുകൊണ്ട്  ഒരുമിച്ചു നടത്തുന്ന യാത്ര ഏറെ പ്രധാനപ്പെട്ടതാണെന്നു പാപ്പാ പറഞ്ഞു.

വിശുദ്ധ ബെനഡിക്ടിനെക്കുറിച്ച്, 'സ്‌നേഹത്തിന്റെ അവാച്യമായ മാധുര്യത്താല്‍ വികസിച്ച ഒരു ഹൃദയം' എന്ന ഫ്രാന്‍സിസ് പാപ്പായുടെ വിശേഷണവും, പരിശുദ്ധ പിതാവ് എടുത്തു പറഞ്ഞു. 


വിശുദ്ധന്റെ  ഈ ഹൃദയം കൃപയുടെ വിളംബരമാണെന്നും, അതിന്റെ വേരുകള്‍ സുദൃഢമായതുകൊണ്ട്,  കാലത്തിന്റെ നാശങ്ങളെ അതിജീവിക്കുകയും സുവിശേഷത്തിന്റെ സമൃദ്ധമായ ഫലങ്ങള്‍ വഹിക്കുകയും ചെയ്തുകൊണ്ട് നല്ല വൃക്ഷമായി വളരുകയും ചെയ്യുമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

ഒരു തീര്‍ത്ഥാടകനെന്ന നിലയില്‍ വിശുദ്ധ ബെനെഡിക്റ്റിന്റെ പുണ്യസ്ഥലങ്ങളായ സുബിയാക്കോ, മോന്തേ കാസിനോ എന്നിവിടങ്ങളിലെ ആശ്രമങ്ങള്‍ സന്ദര്‍ശിക്കാനും, പ്രാര്‍ത്ഥിക്കുവാനും തനിക്ക് സാധിച്ചതും പാപ്പാ അനുസ്മരിച്ചു.

  ആ വിശുദ്ധ സ്ഥലങ്ങളുടെയും നിശ്ശബ്ദതയെയും സമാധാനത്തെയും കുറിച്ച് ചിന്തിക്കുകയും,  ഇന്ന് സന്യാസിനികളെ  ഇവിടെ കാണുകയും ചെയ്യുമ്പോള്‍, ഒരു ചെറിയ വിത്തില്‍ നിന്ന് ഒരു വലിയ വൃക്ഷം വളര്‍ന്നിരിക്കുന്നു എന്നുള്ള തന്റെ സന്തോഷം പാപ്പാ പങ്കുവച്ചു.

അതിനാല്‍, നിരവധി രാജ്യങ്ങളില്‍ നിന്നുള്ള സന്യാസി-സന്യാസിനികള്‍  എന്ന നിലയില്‍, ക്രിസ്തുവില്‍ കൂടുതല്‍ ആഴത്തില്‍ വേരൂന്നാനും ഭൂമിയിലുടനീളം അവനു  സാക്ഷികളാകാനും അംഗങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ ഒരു വലിയ അടയാളവും പ്രവചനവുമാണെന്നും പാപ്പാ എടുത്തുപറഞ്ഞു.

  ആധികാരികമായ ജീവിതത്തിനും, കൂട്ടായ്മയ്ക്കും, സമാധാനത്തിനുമുള്ള ദാഹത്താല്‍ അടയാളപ്പെടുത്തപ്പെട്ട നമ്മുടെ കാലത്തിന് ഇത് ഏറെ  ആവശ്യമാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

ബെനഡിക്‌റ്റൈന്‍ സന്യാസ സമൂഹങ്ങള്‍ ഇന്ന് സമൂഹത്തിലും സഭയിലും ചെയുന്ന എല്ലാ സേവനങ്ങള്‍ക്കും, എളിമയുള്ളതും നിശബ്ദവുമായ സാന്നിധ്യത്തിനും,  ആത്മീയ മാര്‍ഗ്ഗനിര്‍ദ്ദേശത്തിനും, ദൈവശാസ്ത്രപരമായ പ്രതിഫലനത്തിനും, സാമുദായിക മൂല്യങ്ങള്‍ക്കും പാപ്പാ പ്രത്യേകം നന്ദിയര്‍പ്പിക്കുകയും ചെയ്തു.

Tags

Share this story

From Around the Web