വ്യാജ മനുഷ്യക്കടത്ത് ആരോപണത്തെ തുടർന്ന് ഇൻഡോറില്‍ കന്യാസ്ത്രീകളെ തടഞ്ഞുവെച്ചു.
ഇൻഡോർ: വ്യാജ മനുഷ്യക്കടത്ത് ആരോപണത്തെ തുടർന്ന് ഇൻഡോറില്‍ കന്യാസ്ത്രീകളെ തടഞ്ഞുവെച്ചു. ഏപ്രിൽ 7ന് ഇൻഡോർ റെയിൽവേ സ്റ്റേഷനിൽവെച്ചു റെയിൽവേ പോലീസാണ് സിസ്റ്റേഴ്‌സ് ഓഫ് ദി വിസിറ്റേഷൻ സന്യാസ സമൂഹത്തിലെ എട്ട് സന്യാസാര്‍ത്ഥിനികളെയും രണ്ട് യുവ സന്യസ്തരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. സഭാധികൃതരുടെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് സംഘത്തെ പിന്നീട് വിട്ടയച്ചു.
ഒഡീഷയിൽ നിന്നുള്ള സന്യാസാര്‍ത്ഥിനികൾ അവധിക്കാലം ആഘോഷിക്കാൻ വീട്ടിലേക്ക് പോകാൻ ഒരുങ്ങുമ്പോൾ രണ്ട് കന്യാസ്ത്രീകളും ഇവരോടൊപ്പമുണ്ടായിരിന്നു. ഇതിനെയാണ് മനുഷ്യക്കടത്ത് എന്ന രീതിയില്‍ വ്യാഖ്യാനിച്ച് കന്യാസ്ത്രീകളെയും സംഘത്തെയും തടങ്കലിലാക്കാന്‍ ശ്രമം നടന്നത്. അവർ ഇന്‍ഡോര്‍ സ്റ്റേഷനിൽ ഇറങ്ങിയ ഉടൻ, പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ തുടങ്ങിയെന്ന് ഇൻഡോറിലെ ബിഷപ്പ് തോമസ് മാത്യു 'കാത്തലിക് കണക്റ്റി'നോട് പറഞ്ഞു.
വ്യാജ കേസില്‍ കുടുക്കാന്‍ ശ്രമം നടന്നപ്പോള്‍ തന്നെ സഭാനേതൃത്വത്തെയും കുടുംബങ്ങളെയും വിവരം അറിയിക്കുവാന്‍ കന്യാസ്ത്രീ സംഘത്തിന് കഴിഞ്ഞിരിന്നു. രൂപതയിലെ പ്രൊക്യുറേറ്റർ ഉൾപ്പെടെയുള്ളവര്‍ സഭാധികാരികളെ ബന്ധപ്പെടുകയും അവർ റെയിൽവേ പോലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയും ചെയ്യുകയുമായിരിന്നു. തെളിവുകളുടെ അടിസ്ഥാനത്തില്‍ വ്യാജ ആരോപണമാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. അതേസമയം കസ്റ്റഡിയില്‍ എടുത്തതിനെ തുടര്‍ന്നു കന്യാസ്ത്രീ സംഘത്തിന് ട്രെയിൻ നഷ്ടമായി. ഉത്തരേന്ത്യയില്‍ കന്യാസ്ത്രീകളെയും സംഘത്തെയും ലക്ഷ്യമിട്ട് ആസൂത്രിത നീക്കം നടക്കുന്നതു ഇതാദ്യമായിട്ടില്ല. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്.