കന്യാസ്ത്രീകളുടെ അറസ്റ്റ്; വായ മൂടിക്കെട്ടി രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി കത്തോലിക്കാ ഫോറം

തിരുവനന്തപുരം: ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കി കത്തോലിക്കാ സഭ. പാളയത്ത് നിന്ന് ആരംഭിച്ച വായ മൂടിക്കെട്ടിയുള്ള പ്രതിഷേധമാര്‍ച്ച് രാജ്ഭവനിലേക്ക് നടത്തി.
തിരുവനന്തപുരം കത്തോലിക്കാ ഫോറത്തിന്റെ നേതൃത്വത്തില്‍ ആയിരുന്നു മാര്‍ച്ച്. ബിഷപ്പ് കര്‍ദിനാള്‍ ബസേലിയോസ് ക്ലിമിസ് ബാവ അടക്കമുള്ള സഭാ നേതാക്കളുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അരമനകളില്‍ കേക്കുമായി എത്തുന്ന ബിജെപി വാക്കുകളിലും ആത്മാര്‍ത്ഥത കാണിക്കണമെന്ന് കെസിബിസി അധ്യക്ഷന്‍ മാര്‍ ക്ലീമ്മിസ് വിമര്‍ശിച്ചു.
സന്യാസിമാര്‍ അപമാനിക്കപ്പെടുകയാണെന്നും ന്യൂനപക്ഷ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുക്കൊണ്ടാണ് ക്രിസ്ത്യന്‍ സഭകളുടെ സംയുക്ത സമരം. വിഷയം രാജ്യം ഒന്നാകെ ഗൗരവമായി കാണണമെന്ന് സഭാ നേതാക്കള്‍ ആവശ്യപ്പെട്ടു.
മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ച് ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. അറസ്റ്റില്‍ പ്രതിഷേധിച്ച് രാജ്ഭവനിലേക്ക് ക്രൈസ്തവസഭകള്‍ നടത്തിയ മാര്‍ച്ചിലും വന്‍ പ്രതിഷേധമിരമ്പി.
നിരപരാധികളായ കന്യാസ്ത്രീകളെ ജയില്‍ മോചിതരാക്കുക, ഇവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധ മാര്‍ച്ച്. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് രാജ്ഭവന് മുന്നില്‍ പൊലീസ് തടഞ്ഞു.
കെസിബിസി അധ്യക്ഷന്‍ മാര്‍ ക്ലീമ്മിസിന്റെ നേതൃത്വത്തില്‍ കറുത്ത തുണി കൊണ്ട് വാ മൂടിക്കെട്ടിയായിരുന്നു പ്രതിഷേധം. റാലി ഉദ്ഘാടനം ചെയ്ത മാര്‍ ക്ലിമ്മിസ് ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചു.
വിവിധ സഭാധ്യക്ഷന്മാരായ ഫാ. തോമസ് ജെ നെറ്റോ, ഫാ യൂജിന്‍ പെരേര, ഫാ. ഐസക് മാര്‍ ഫീലിക്‌സിനോസ്, ഫാ. ജോണ്‍ തെക്കേക്കര തുടങ്ങിയവര്‍ സംസാരിച്ചു. വൈദികരും സന്യാസ സഭാംഗങ്ങളും വിശ്വാസികളുമുള്‍പ്പെടെ നിരവധി പേരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.