ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം. മന്ത്രിമാരായ പി രാജീവും റോഷി അഗസ്റ്റിനും കന്യാസ്ത്രീയുടെ കുടുംബത്തെ സന്ദര്‍ശിച്ചു. 

 
P RAJIV


കൊച്ചി: ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മന്ത്രിമാരായ പി രാജീവും റോഷി അഗസ്റ്റിനും കന്യാസ്ത്രീയുടെ കുടുംബത്തെ സന്ദര്‍ശിച്ചു. അങ്കമാലി എളവൂര്‍ ഇടവകാംഗമായ സിസ്റ്റര്‍ പ്രീതി മേരിയുടെ വീട്ടിലാണ് മന്ത്രിമാര്‍ എത്തിയത്.

വിഷയം മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതായി മന്ത്രി പി രാജീവ് പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ നടപടിയാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മതസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റാണ് നടന്നത്. സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ പിന്തുണയും കുടുംബത്തിനുണ്ട്. നിയമപരമായ എല്ലാ വഴികളും തേടാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 


മൗലികാവകാശത്തിനു നേരെയുള്ള കടന്നുകയറ്റമെന്നാണ് സംഭവത്തെ മന്ത്രി റോഷി അഗസ്റ്റിന്‍ വിശേഷിപ്പിച്ചത്. ക്രിസ്ത്യന്‍ വിഭാഗവുമായി മാത്രം ബന്ധപ്പെട്ട ഒരു പ്രശ്‌നമായി ഇതിനെ കാണാനാകില്ല എന്നും അദ്ദേഹം പറഞ്ഞു.


സംഭവത്തില്‍ കണ്ണൂര്‍ സ്വദേശി സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിന്റെ സഹോദരന്‍ പ്രതികരിച്ചു. സിസ്റ്റര്‍ വന്ദനയുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് സഹോദരന്‍ ജിന്‍സ് പറഞ്ഞു. പെണ്‍കുട്ടികളെ മര്‍ദിച്ചും ഭീഷണിപ്പെടുത്തിയും മൊഴി മാറ്റിച്ചു. 

കള്ളക്കേസ് ബലപ്പെടുത്താന്‍ ശ്രമം നടക്കുന്നു. മതപരിവര്‍ത്തന ആരോപണം കള്ളക്കഥയെന്ന് ആരോപിച്ച അദ്ദേഹം കൂടെയുണ്ടായിരുന്ന പെണ്‍കുട്ടികള്‍ ക്രിസ്ത്യന്‍ മതത്തില്‍ പെട്ടവര്‍ തന്നെയെന്നും പറഞ്ഞു. പിന്നെന്തിന് അവരെ മതപരിവര്‍ത്തനം നടത്തണമെന്നും കുടുംബം ചോദിക്കുന്നു.

Tags

Share this story

From Around the Web