ഉക്രൈനില്‍ യുദ്ധത്തിന്റെ ഇരകളാകുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു: യൂണിസെഫ്
യൂറോപ്പിലെ കടുത്ത ശൈത്യത്തിന്റെ കൂടി പശ്ചാത്തലത്തില്‍ ഉക്രൈനിലെ കുട്ടികള്‍ കടുത്ത വെല്ലുവിളിയാണ് നേരിടുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂനിസെഫ്.
ജനുവരി 16 വെള്ളിയാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ ഉക്രൈനിലേക്കുള്ള യൂണിസെഫ് പ്രതിനിധി മുനീര്‍ മമ്മദ്‌സാദേയാണ് രാജ്യത്ത് തുടരുന്ന യുദ്ധവും കടുത്ത ശൈത്യകാലാവും മൂലം കുട്ടികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് അറിയിച്ചത്.
2025-ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനം കൂടുതല്‍ കുട്ടികള്‍ യുദ്ധ ആക്രമണങ്ങളുടെ ഇരകളായെന്ന് യൂണിസെഫ് പ്രതിനിധി അറിയിച്ചു.
ലഭ്യമായ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം 92 കുട്ടികള്‍ കൊല്ലപ്പെട്ടതായും 652 പേര്‍ക്ക് പരിക്കുകളേറ്റതായും ശിശുക്ഷേമനിധി വ്യക്തമാക്കി.
യുദ്ധം ആരംഭിച്ചതുമുതല്‍ കൊല്ലപ്പെട്ടവരും പരിക്കേറ്റവരുമായി 3.200 കുട്ടികളുണ്ടെന്ന് സംഘടന കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് തപോത്പദകേന്ദ്രങ്ങള്‍ക്കും, ജലവിതരണകേന്ദ്രങ്ങള്‍ക്കും നേര്‍ക്ക് നടന്ന ആക്രമണങ്ങളെക്കുറിച്ച് പ്രതിപാദിച്ച യൂണിസെഫ്. ദശലക്ഷക്കണക്കിന് ആളുകളാണ് രാജ്യത്ത്, ആവശ്യമായ താപോര്‍ജ്ജമോ, വിദ്യുശ്ചക്തിയോ, ജലമോ ലഭിക്കാതെ ബുദ്ധിമുട്ടുന്നതെന്ന് അറിയിച്ചു.
കുട്ടികളും അവരുടെ കുടുംബങ്ങളും അതിജീവനത്തിനുള്ള ശ്രമത്തിലാണെന്നും, ചിലയിടങ്ങളില്‍ മൈനസ് 18 ഡിഗ്രി സെല്‍ഷ്യസ് വരെ തണുപ്പ് അനുഭവപ്പെടുന്നുണ്ടെന്നും ഈ ഐക്യരാഷ്ട്രസഭാസംഘടന ഓര്‍മ്മിപ്പിച്ചു.
യുദ്ധവുമായി ബന്ധപ്പെട്ട ആക്രമണങ്ങളും കടുത്ത കാലാവസ്ഥാപ്രതിസന്ധിയും കുട്ടികളുടെ ജീവിതത്തെ ശാരീരികമായും മാനസികമായും ബാധിക്കുന്നുണ്ടെന്ന് ശിശുക്ഷേമനിധി തങ്ങളുടെ പത്രക്കുറിപ്പില്‍ എഴുതി.
കടുത്ത തണുപ്പും, അനുബന്ധ സ്ഥിതിവിശേഷങ്ങളും മൂലം കുട്ടികള്‍, പ്രത്യേകിച്ച് നവജാതശിശുക്കള്‍ ശ്വാസകോശസംബന്ധിയായ രോഗങ്ങള്‍ ഉള്‍പ്പെടെ വിവിധ പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കേണ്ടിവരുന്നതെന്ന് സംഘടന ഓര്‍മ്മിപ്പിച്ചു.
രാജ്യത്തെ ജനങ്ങള്‍ക്ക് തണുപ്പില്‍നിന്നുള്ള സംരക്ഷണം ഉറപ്പാക്കാനും, മറ്റ് ആവശ്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുമായുള്ള സഹായപദ്ധതികളുമായി തങ്ങള്‍ രാജ്യത്ത് തുടരുന്നുണ്ടെന്ന് സംഘടന ഉറപ്പുനല്‍കി.
സാധാരണജനങ്ങള്‍ അധിവസിക്കുന്ന പ്രദേശങ്ങള്‍ക്ക് നേരെയും, കുട്ടികള്‍ക്ക് ആവശ്യമുള്ള പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് നേരെയും ഉള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന തങ്ങളുടെ അഭ്യര്‍ത്ഥന യൂണിസെഫ് പുതുക്കി.