ആണവായുധങ്ങൾ ലോകത്തെ അപകടത്തിലാക്കുന്നു: മുന്നറിയിപ്പുമായി വത്തിക്കാൻ

 
Vatican

​ലോകരാജ്യങ്ങൾ ആണവായുധങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വൻദുരന്തങ്ങൾക്ക് വഴിവയ്ക്കുമെന്ന് മുന്നറിയിപ്പ് നൽകി വത്തിക്കാൻ. ആണവായുധങ്ങൾ ആധുനികവൽക്കരിക്കുന്നതും യുദ്ധതന്ത്രങ്ങളിൽ എഐ (AI) ഉപയോഗിക്കുന്നതും മനുഷ്യരാശിയെത്തന്നെ അപകടത്തിലാക്കുന്ന പിഴവുകൾക്ക് കാരണമാകുമെന്ന് ഐക്യരാഷ്ട്രസഭയിൽ വത്തിക്കാൻ പ്രതിനിധിസംഘം വ്യക്തമാക്കി. ​ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ ‘നോൺ – പ്രൊലിഫറേഷൻ ഓഫ് ന്യൂക്ലിയർ വെപ്പൺസ്’ അവലോകന സമ്മേളനത്തിലാണ് വത്തിക്കാൻ നിലപാട് വ്യക്തമാക്കിയത്. അതേസമയം, നിലവിലെ ആഗോളസാഹചര്യം അത്യന്തം ഗൗരവകരമാണെന്ന് വത്തിക്കാന്റെ സ്ഥിരം നിരീക്ഷകസംഘം പറഞ്ഞു.

​​സൈനികനീക്കങ്ങളിലും ആണുവായുധ തീരുമാനങ്ങളിലും എഐ ഉപയോഗിക്കുന്നത് അത്യന്തം അപകടകരമാണ്.

ഇത് പ്രതിസന്ധിഘട്ടങ്ങളിൽ ആലോചിച്ച് തീരുമാനമെടുക്കാനുള്ള സമയം കുറയ്ക്കുകയും ധാർമ്മികമായ തീരുമാനങ്ങൾ ഇല്ലാതാക്കുകയും ചെയ്യും.

സംഭാഷണങ്ങളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പകരം ശക്തി ഉപയോഗിച്ച് ലോകത്തെ നിയന്ത്രിക്കാനാണ് രാജ്യങ്ങൾ ശ്രമിക്കുന്നത്. ലെയോ പതിനാലാമൻ മാർപാപ്പയെ ഉദ്ധരിച്ച് ‘സമാധാനം ഭയത്തിലല്ല, വിശ്വാസത്തിലാണ് കെട്ടിപ്പടുക്കേണ്ടതെന്ന്’ വത്തിക്കാൻ ഓർമ്മിപ്പിച്ചു.


​ആയുധങ്ങൾ ഉപേക്ഷിക്കുന്നതിലൂടെ മാത്രമേ യഥാർഥ സമാധാനം കൈവരിക്കാനാകൂ എന്ന് വ്യക്തമാക്കിയ വത്തിക്കാൻ, മരുന്നുകൾ, കൃഷി, പരിസ്ഥിതിസംരക്ഷണം തുടങ്ങിയ സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവോർജം ഉപയോഗിക്കുന്നതിനെ പിന്തുണയ്ക്കുമ്പോഴും ആണവായുധങ്ങൾ പൂർണ്ണമായും ഉന്മൂലനം ചെയ്യണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നു.

​ഭയത്തിലൂന്നിയ സമാധാനമല്ല, മറിച്ച് മാനുഷികമൂല്യങ്ങളിലും ചർച്ചകളിലും അധിഷ്ഠിതമായ ലോകക്രമമാണ് ഉണ്ടാകേണ്ടതെന്ന് വത്തിക്കാൻ ഓർമ്മിപ്പിച്ചു.

Tags

Share this story

From Around the Web