എന്‍എസ്യു നേതാവ് ആതിരയുടെ പരാതി; ഡല്‍ഹി പൊലീസിനെതിരെ കേസെടുത്ത് തിരുവനന്തപുരം മ്യൂസിയം പൊലീസ്
 

 
rahul gandi

തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ സമരത്തില്‍ ഡല്‍ഹി പൊലീസ് മര്‍ദിച്ചെന്ന് കാട്ടി തിരുവനന്തപുരം മ്യൂസിയം പൊലീസില്‍ കേസ്. എന്‍എസ്യു നേതാവ് ആതിര.സിയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിനിടെ തങ്ങള്‍ക്ക് നേരെ ഡല്‍ഹി പൊലീസിന്റെ ഭാഗത്ത് നിന്ന് അന്യായമായ ആക്രമണമുണ്ടായെന്നും കസ്റ്റഡിയില്‍ വെച്ച് മര്‍ദിച്ചുവെന്നും ആതിരയുടെ പരാതിയിലുണ്ട്.

പൊതുജനമധ്യത്തിലൂടെ ബലമായി വലിച്ചിഴച്ചുകൊണ്ടുപോയെന്നും വസ്ത്രങ്ങള്‍ വലിച്ചുകീറാന്‍ ശ്രമിച്ചുവെന്നും ആതിര പരാതിപ്പെട്ടിരുന്നു. പരാതിയില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കിയിരുന്നു. 

പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ പേര് ഉള്‍പ്പെടുത്താതെയാണ് നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ തുടരന്വേഷണത്തിന് ശേഷം വ്യക്തമായേക്കും.


സമരത്തിനിടെ പരിക്കേറ്റ എന്‍എസ്യു പ്രവര്‍ത്തകരോടൊപ്പം രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടിരുന്നു. ചഞ്ചല്‍യാദവ് എന്ന പൊലീസ് ഉദ്യോഗസ്ഥയാണ് മര്‍ദനത്തിന് നേതൃത്വം നല്‍കിയതെന്നും പൊലീസ് യൂണിഫോമിലില്ലാത്തവരും മര്‍ദിച്ചെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

'യൂണിഫോം ധരിച്ചെത്തിയവരും അല്ലാത്തവരുമായിട്ടുള്ളവരാണ് ബസില്‍ വെച്ച് ഞങ്ങളെ മര്‍ദിച്ചത്. നിങ്ങള്‍ കുറച്ചുപേര്‍ കാരണം ഞങ്ങള്‍ക്ക് മര്യാദയ്ക്ക് ഉറങ്ങാന്‍ പോലും പറ്റുന്നില്ലെന്ന് പറഞ്ഞാണ് ക്രൂരമര്‍ദനം. ഇനിയും പ്രതിഷേധിക്കും. മര്‍ദിച്ചൊതുക്കാമെന്ന് കരുതിയിട്ട് കാര്യമില്ല'. മര്‍ദനത്തില്‍ പരിക്കേറ്റ ആതിര മാധ്യമങ്ങളോട് പ്രതികരിച്ചു. 

മനുഷ്യനാണെന്ന് പോലും പരിഗണിച്ചില്ല. സഞ്ചരിക്കുന്ന ജയിലുകളില്‍ നിരവധി പൊലീസുകാര്‍ ക്രൂരമായി മര്‍ദിച്ചു. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളും ഞങ്ങളോടൊപ്പമുണ്ടായിരുന്നു. അവരെയും തല്ലിച്ചതച്ചു. മുസ്ലിം എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി. പിന്നാലെയാണ് കേസെടുത്തിരിക്കുന്നത്.

Tags

Share this story

From Around the Web