ഇനി ട്രെയിനില്‍ വേഗമെത്താം. പുനലൂര്‍ - കൊല്ലം പാതയില്‍ ട്രെയിനുകളുടെ പരമാവധി വേഗത മണിക്കൂറില്‍ 80 കിലോമീറ്ററായി വര്‍ധിപ്പിച്ചു

കൊല്ലം:കൊല്ലത്ത് നിന്ന് പുനലൂരിലേക്ക് ഇനി ട്രെയിനില്‍ വേഗമെത്താം. പുനലൂര്‍- കൊല്ലം പാതയില്‍ ട്രെയിനുകളുടെ പരമാവധി വേഗത മണിക്കൂറില്‍ 80 കിലോമീറ്റര്‍ ആയി വര്‍ധിപ്പിച്ചതോടെയാണിത്.
നേരത്തേയിത് മണിക്കൂറില്‍ 70 കിലോമീറ്റര്‍ ആയിരുന്നു. ട്രയല്‍ റണ്‍ വിജയകരമായതോടെയാണ് ഔദ്യോഗിക തീരുമാനമുണ്ടായത്.
അതേസമയം, ഏറ്റവും വലിയ വളവുകള്‍ ഉള്ള മൂന്ന് ഭാഗങ്ങളില്‍ പരമാവധി വേഗം 75 കിലോമീറ്റര്‍ ആയിരിക്കും. വേഗത വര്‍ധിപ്പിച്ചതോടെ 10 മിനുട്ട് നേരത്തേ പുനലൂരിലും കൊല്ലത്തും എത്താം. കൊല്ലത്തു നിന്ന് ഉച്ചയ്ക്ക് പുറപ്പെടുന്ന കൊല്ലം- എഗ്മൂര്‍ -ചെന്നൈ എക്സ്പ്രസ് 55 മിനുട്ട് കൊണ്ടാണ് പുനലൂര്‍ വരെ എത്തിയിരുന്നത്.
കൊല്ലം- ചെന്നൈ പാതയാണിത്. പുനലൂര്‍ മുതല്‍ ഭഗവതിപുരം വരെയുള്ള പശ്ചിമഘട്ട ഭാഗത്ത് 10 ഡിഗ്രി വരെ വളവുകള്‍ ഉള്ളതിനാല്‍ നിലവിലെ 30 കിലോമീറ്റര്‍ തുടരും. തെങ്കാശി മുതല്‍ ചെങ്കോട്ട വഴി ഭഗവതിപുരം വരെയുള്ള പാതയില്‍ 90 കിലോമീറ്റര്‍ വരെ പരമാവധി വേഗം അനുവദിച്ചേക്കും.