നോട്രെ ഡാം കത്തീഡ്രല്‍ ആറ് മാസത്തിനിടെ സന്ദര്‍ശിച്ചത് അറുപത്‌ലക്ഷത്തിലധികം ആളുകള്‍

പാരീസ്: അഞ്ച് വര്‍ഷത്തെ പുനരുദ്ധാരണത്തിന് ശേഷം 2024 ഡിസംബര്‍ 7 ന് പൊതുജനങ്ങള്‍ക്കായി വീണ്ടും തുറന്ന നോട്രെ ഡാം കത്തീഡ്രല്‍ ആറ് മാസത്തിനിടെ സന്ദര്‍ശിച്ചത് അറുപത്‌ലക്ഷത്തിലധികം ആളുകള്‍. 2025 ജൂണ്‍ 30 വരെ, ആകെ 6,015,000 സന്ദര്‍ശകരാണ് കത്തീഡ്രല്‍ സന്ദര്‍ശിച്ചത്. ഫ്രഞ്ച് പത്രമായ ലാ ട്രിബ്യൂണ്‍ ഡിമാഞ്ചെയുടെ റിപ്പോര്‍ട്ടനുസരിച്ച്, പ്രതിദിനം ശരാശരി 35,000 ആളുകള്‍ കത്തീഡ്രല്‍ സന്ദര്‍ശിക്കുന്നുണ്ട്.
സന്ദര്‍ശകരുടെ സംഖ്യ ഈ വിധത്തില്‍ തുടര്‍ന്നാല്‍, 2025 അവസാനത്തോടെ ഫ്രാന്‍സില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശിക്കപ്പെടുന്ന സ്മാരകങ്ങളുടെ പട്ടികയില്‍ കത്തീഡ്രല്‍ ഈഫല്‍ ടവറിനെ മറികടക്കും എന്നാണ് സൂചനകള്‍. തീപിടുത്തത്തിന് മുമ്പ് പ്രതിവര്‍ഷം ഒരു കോടി 10 ലക്ഷമാളുകളാണ് ആളുകള്‍ കത്തീഡ്രല്‍ സന്ദര്‍ശിച്ചിരുന്നതെങ്കില്‍ പുനരുദ്ധാരണത്തിന് ശേഷമുള്ള ആദ്യ വര്‍ഷം തന്നെ സന്ദര്‍ശകരുടെ സംഖ്യ ഇതിനെ മറികടന്നേക്കും. ഇതിനിടെ കത്തീഡ്രലിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. 2026-ല്‍ പുതിയ സ്റ്റെയിന്‍-ഗ്ലാസ് ജനാലകള്‍ സ്ഥാപിക്കും. കത്തീഡ്രലിന്റെ ഫോര്‍കോര്‍ട്ട്, ഗ്രീന്‍ സ്‌പേസുകള്‍, മുന്‍വശത്തെ നടപ്പാത എന്നിവയുടെ നവീകരണം 2027-ല്‍ പൂര്‍ത്തിയാകും.