"നിയമത്തിനും നീതിബോധത്തിനും നിരക്കാത്തതൊന്നും ചെയ്തിട്ടില്ല"; പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്നും മാറ്റിയതിൽ ഗീനാകുമാരി
തിരുവനന്തപുരം: ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് അനുകൂല നിലപാട് എടുത്തതിൽ പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്നും മാറ്റിയതിൽ പ്രതികരിച്ച് ഗീനാകുമാരി. നിയമത്തിനും നീതിബോധത്തിനും നിരക്കാത്തതൊന്നും താന്‍ ചെയ്തിട്ടില്ലെന്ന് ഗീനാകുമാരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഒരിക്കല്‍ പോലും എല്‍ഡിഎഫ് എന്നോ യുഡിഎഫ് എന്നോ എന്‍ഡിഎ എന്നോ വിവേചനം താന്‍ കാണിച്ചിട്ടില്ലെന്നും കുറിപ്പിൽ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
പ്രീയപ്പെട്ടവരെ..
2016 ഡിസംബർ മാസം ഇരുപത്തിനാലാം തീയതി മുതൽ സർക്കാർ അഭിഭാഷക എന്ന നിലയിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഇക്കഴിഞ്ഞ ഒമ്പതരവർഷ കാലയളവിൽ ആത്മാർത്ഥതയോടെയും സത്യസന്ധതയോടെയും കേസുകൾ കൈകാര്യം ചെയ്യാനായി എന്ന ചാരിതാർത്ഥ്യത്തോടെ ഇന്ന് വിടവാങ്ങുകയാണ്. തീർച്ചയായും അനിവാര്യമായ വിടവാങ്ങൽ ആണെങ്കിലും ചില മാധ്യമങ്ങൾ പ്രതികാര നടപടിയെന്ന് വിശേഷിപ്പിക്കുന്നുണ്ട്.(ഉത്തരവിൽ അങ്ങനെയൊന്നുമില്ല എങ്കിലും)
ജില്ലാ ഗവൺമെൻറ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ എന്ന നിലയിൽ പോലീസ് നൽകിയ റിപ്പോർട്ട് കോടതി മുമ്പാകെ ഹാജരാക്കുകയും അതിനനുസരിച്ച് തന്നെ ജാമ്യ ഹർജിവാദം പറയുകയും ചെയ്തിട്ടുണ്ട്. ഇതിനേക്കാൾ ഗൗരവമുള്ളതും അല്ലാത്തതും രാഷ്ട്രീയ സംഘട്ടനങ്ങൾ കൊലപാതകം ബലാൽസംഗം ഉൾപ്പെടെ നൂറുകണക്കിന് കേസുകളിൽ ജാമ്യ ഹർജിയിൽ വാദം പറയുകയും വിചാരണ നടത്തുകയും ചെയ്തിട്ടുണ്ട്. മന്ത്രിമാരുടെയും എം എൽഎമാരുടെയും കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. അതിൽ എൽഡിഎഫ് യുഡിഎഫ് എൻഡിഎ എന്ന പക്ഷപാതിത്വം കാണിച്ചിട്ടില്ല.നിയമത്തിനും നീതിബോധത്തിനും കോട്ടം തട്ടുന്ന തരത്തിൽ ഒരു ഇടപെടലും ഇക്കാലയളവിൽ ഒരു കേസിലും ഞാൻ നടത്തിയിട്ടില്ല. ഇനിയും ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. എന്നെ സർക്കാർ ഏൽപ്പിച്ച കർത്തവ്യം പരമാവധി ഭംഗിയായി നിർവഹിക്കാൻ കഴിഞ്ഞു എന്ന ചാരിതാർത്ഥ്യം എനിക്കുണ്ട്.
ഇക്കാലയളവിൽ എന്നോടൊപ്പം എന്റെ സഹഅഭിഭാഷകർ സീനിയർ, ജൂനിയർ അഭിഭാഷകർ, ജില്ല ഗവൺമെൻറ് പ്ലീഡർ ഓഫീസിലെ ജീവനക്കാർ, പ്രോസിക്യൂഷൻ വിങ്ങി ലെ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങി പേരെടുത്ത് പറയാൻ ഒരുപാട് പേരുണ്ട്. അവരുടെ സഹായത്തോടുകൂടി അല്ലാതെ എനിക്ക് ഓഫീസ് പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമായിരുന്നില്ല എല്ലാവർക്കും നന്ദി. അഭിഭാഷകവൃത്തിയിൽ തെളിമയോടെ ഇനിയും ഉണ്ടാകും