പെട്രോളും ഡീസലുമല്ല, ഇനി ചാണകം കൊണ്ടും വണ്ടിയോടിക്കാം. പരീക്ഷണവുമായി ഗുജറാത്ത്

 
COW


അഹമ്മദാബാദ്: ഇന്ധന വിലക്കയറ്റവും വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്നതും സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ക്കിടയില്‍ ഞെരുങ്ങിക്കഴിയുകയാണ് രാജ്യം. 

പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യം മൂലം പ്രതിസന്ധി അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെ, വലിയൊരു മാറ്റത്തിലേക്ക് രാജ്യം കുതിക്കാനൊരുങ്ങിയതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 

പശുവിന്റെ ചാണകത്തില്‍ നിന്ന് കംപ്രസ് ബയോഗ്യാസ് നിര്‍മിച്ച് വാഹനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന നൂതന പദ്ധതിയ്ക്കാണ് രാജ്യത്തിന്റെ ഇന്ധന സ്വയംപര്യാപ്തത ലക്ഷ്യമാക്കി ഗുജറാത്തില്‍ തുടക്കമായിരിക്കുന്നത്.

കന്നുകാലി മാലിന്യങ്ങളെ സമ്പദ് വ്യവസ്ഥയുടെ ഭാഗമാക്കുന്ന ഈ പരീക്ഷണം സുസുക്കിയും ബനാസ് ഡയറിയും സംയുക്തമായാണ് നടപ്പിലാക്കുന്നത്.

 ഗ്രാമങ്ങളില്‍ നിന്ന് ദിവസവും ശേഖരിക്കുന്ന ആയിരക്കണക്കിന് കിലോ ചാണം ശാസ്ത്രീയമായി സംസ്‌കരിച്ചാണ് ബയോഗ്യാസായി മാറ്റുന്നത്. 

ഗുജറാത്തിലെ ഒരു പ്ലാന്റില്‍ മാത്രം ദിവസേന 80 ടണ്‍ ചാണകമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന ഇന്ധനം ഉപയോഗിച്ച് പ്രതിദിനം 600 മുതല്‍ 700 വരെ കാറുകള്‍ക്ക് നിരത്തിലിറങ്ങാന്‍ സാധിക്കുമെന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത.

കാറുകള്‍ക്ക് പുറമെ ഓട്ടോറിക്ഷകളിലും വാണിജ്യ വാഹനങ്ങളിലും ഈ ഇന്ധനം ഉപയോഗിക്കാന്‍ സാധിക്കും. വാഹന നിര്‍മാതാക്കള്‍ തന്നെ ഇന്ധന ഉല്‍പ്പാദനത്തിലും പങ്കാളികളാകുന്നുവെന്നതാണ് പദ്ധതിയുടെ മറ്റൊരു പുതുമ.

 ഇതൊരു മികച്ച വരുമാന മാര്‍ഗ്ഗം കൂടിയായി മാറുമ്പോള്‍ കര്‍ഷകര്‍ക്ക് തങ്ങളുടെ കന്നുകാലി മാലിന്യങ്ങള്‍ വിറ്റഴിക്കുന്നതിലൂടെ അധിക വരുമാനവും ലഭിച്ചേക്കും.

ആഗോളതലത്തില്‍ ഊര്‍ജവിലയില്‍ വലിയ ചാഞ്ചാട്ടങ്ങള്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, മാലിന്യത്തില്‍ നിന്ന് ഊര്‍ജമെന്ന ആശയം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 വിദേശ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഇത്തരം പരീക്ഷണങ്ങള്‍ വലിയൊരു സഹായമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
 

Tags

Share this story

From Around the Web