'തന്ത്രി മാത്രമല്ല, മന്ത്രിയടക്കം വലിയ സ്രാവുകള്‍ പിടിയിലാകും,തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം':രമേശ് ചെന്നിത്തല

 
chennithala



കോഴിക്കോട്: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ആരും നിയമത്തിന് മുകളിലല്ലെന്നും നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 

അയ്യപ്പന്റെ സ്വര്‍ണം കട്ടവരാരും രക്ഷപ്പെടാന്‍ പാടില്ലെന്നും വന്‍ സ്രാവുകള്‍ ഇനിയും പിടിയിലാകാനുണ്ടെന്നും ചെന്നിത്തല പറഞ്ഞു. 


'മുഖ്യമന്ത്രിയും പാര്‍ട്ടിയും സ്വര്‍ണക്കൊള്ള കേസിലെ പ്രതികളെ സംരക്ഷിക്കുകയാണ്. എസ്ഐടി പ്രതികളെന്ന് ചൂണ്ടിക്കാട്ടിയിട്ടും എന്തുകൊണ്ട് പ്രതികളെ ശിക്ഷിക്കുന്നില്ലെന്നതില്‍ നിന്നുതന്നെ കാര്യങ്ങള്‍ വ്യക്തമാണ്.

 നിയമത്തിന്റെ മുന്നില്‍ എല്ലാവരും സമന്മാരാണ്. എന്തുകൊണ്ട് പാര്‍ട്ടി അവരെ പുറത്താക്കുന്നില്ലെന്നതാണ് ഞങ്ങളുടെ ചോദ്യം. 


കേസിനാധാരമായ കാര്യങ്ങള്‍ ശക്തമായത് കൊണ്ടാണ് പ്രതികള്‍ക്ക് ഇതുവരെയും ജാമ്യം ലഭിക്കാതിരുന്നത്. തന്ത്രി മാത്രമല്ല, മന്ത്രിയടക്കം വലിയ തിമിംഗലങ്ങള്‍ ഇനിയും കേസില്‍ പിടിയിലാകാനുണ്ട്.' ചെന്നിത്തല വ്യക്തമാക്കി.


'യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആരാകും മുഖ്യമന്ത്രിയെന്നതെല്ലാം മുന്നണിയും പാര്‍ട്ടിനേതാക്കളും തീരുമാനിക്കും. നമ്മളാരും നിഷ്‌കാമ കര്‍മിയല്ലല്ലോ. എല്ലാ കാര്യങ്ങളും പാര്‍ട്ടി വിലയിരുത്തി ചെയ്യട്ടെ. യുക്തമായ സമയത്ത് പാര്‍ട്ടി അക്കാര്യങ്ങളില്‍ തീരുമാനമെടുക്കും. 

മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുണ്ടാകുന്ന ചര്‍ച്ചകളില്‍ ഞങ്ങള്‍ക്കിടയില്‍ ഒരു ആശയക്കുഴപ്പവുമില്ല. ആദ്യം തെരഞ്ഞെടുപ്പ് വിജയിക്കുകയെന്നതാണ് ലക്ഷ്യം.


 ബാക്കിയെല്ലാം പിന്നീട്. നിലവില്‍ നമ്മുടെ നാട്ടിലെ ജനങ്ങള്‍ മടുത്തിരിക്കുകയാണ്. അവര്‍ ഒരു ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്. അതിന്റെ പ്രതിഫലനമാണ് സമീപകാല തെരഞ്ഞെടുപ്പുകളിലെ ഞങ്ങളുടെ പ്രകടനം. ചെന്നിത്തല പറഞ്ഞു.

Tags

Share this story

From Around the Web