'കോടതി ഉത്തരവ് ലംഘിച്ചിട്ടില്ല': സുപ്രിം കോടതിയില് കേന്ദ്രത്തിന്റെ മാപ്പപേക്ഷ, ക്രമസമാധാനവും പൊതുസമാധാനവും ഉറപ്പാക്കാനാണ് നിയന്ത്രണങ്ങള് ഏര്പ്പെടുത്തിയതെന്ന് കേന്ദ്രം
ന്യൂഡല്ഹി: ഡല്ഹിയിലെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് സുപ്രിംകോടതി ഉത്തരവ് ലംഘിച്ചുവെന്ന കോടതിയലക്ഷ്യ നോട്ടീസില് ഉപാധികളില്ലാത്ത മാപ്പ് അപേക്ഷിച്ച് കേന്ദ്രം. ഒക്ടോബര് 9ലെ കോടതി ഉത്തരവ് മനഃപൂര്വം ലംഘിക്കാന് ശ്രമിച്ചിട്ടില്ലെന്ന് ആഭ്യന്തര സെക്രട്ടറി സത്യവാങ്മൂലത്തില് വ്യക്തമാക്കി.
ഡല്ഹിയില് സമാധാന അന്തരീക്ഷം നിലനിര്ത്താനും ക്രമസമാധാന ലംഘനങ്ങള് ഒഴിവാക്കാനുമാണ് ഒക്ടോബര് 9ന് കേന്ദ്ര സര്ക്കാര് നിയന്ത്രണങ്ങള് ഏര്പ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കിയതെന്ന് ആഭ്യന്തര സെക്രട്ടറി ചൂണ്ടിക്കാട്ടി.
ആവശ്യമായ അനുമതികളില്ലാതെ നടത്താന് തീരുമാനിച്ച പ്രതിഷേധവും, ജൂലൈ 20ലെ നീറ്റ് ചോര്ച്ചയ്ക്കെതിരെയുള്ള പ്രതിഷേധത്തില് ഡല്ഹി പൊലീസിനുണ്ടായ അനുഭവങ്ങളുമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് അദ്ദേഹം അറിയിച്ചു.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടാണ് പ്രതിപക്ഷ സംഘടനകള് പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നത്. ഇതിനെ തടയിടാനാണ് കേന്ദ്രം നിയന്ത്രണങ്ങള് ഏര്പ്പെടുത്തിയത്.
ഡല്ഹിയിലെ സാധാരണക്കാര്ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില് സേവനങ്ങള് പൂര്ണ്ണമായി നിരോധിക്കാതെ ആവശ്യമായ നിയന്ത്രണങ്ങള് മാത്രം ഏര്പ്പെടുത്താനാണ് ഒക്ടോബര് 9ലെ ഉത്തരവിലൂടെ സുപ്രിംകോടതി കേന്ദ്രത്തോട് നിര്ദ്ദേശിച്ചിരുന്നത്. എന്നാല് മെട്രോ, റെയില്, റോഡുകള് തുടങ്ങിയവ പൂര്ണമായും അടച്ചിടുകയും ചെയ്തു.
ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയില് കോടതിയലക്ഷ്യ ഹര്ജി ഫയല് ചെയ്തത്. ഒക്ടോബര് 9 ലെ കോടതി ഉത്തരവ് മനപ്പൂര്വ്വം ലംഘിച്ചുവെന്നും ഹരജിയില് പറഞ്ഞിരുന്നു. അഭിഭാഷകന് ശൈലേന്ദ്ര മണി ത്രിപാഠിയാണ് കോടതി അലക്ഷ്യ ഹര്ജി സമര്പ്പിച്ചിരുന്നത്.