ഭക്ഷണപ്പൊതികളില്‍ സ്റ്റേപ്ലര്‍ പിന്‍ വേണ്ട; കര്‍ശന നിര്‍ദേശവുമായി എഫ്എസ്എസ്എഐ
ന്യൂഡല്‍ഹി: ഭക്ഷണപ്പൊതികളില്‍ സ്റ്റേപ്ലര്‍ പോലുള്ള ലോഹ വസ്തുക്കള്‍ ഉപയോഗിക്കുന്നത് നിരോധിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ . സ്റ്റേപ്ലര്‍ പിന്‍ അബദ്ധത്തില്‍ വയറില്‍ ചെന്നാല്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമെന്ന് എഫ്എസ്എസ്എഐ ചൂണ്ടിക്കാട്ടി.
സുരക്ഷിതമായ മറ്റു പാക്കിങ് രീതികള്‍ തെരഞ്ഞെടുക്കണമെന്നും എഫ്എസ്എസ്എഐ നിര്‍ദേശിച്ചു. ഈ ഉത്തരവ് റെസ്റ്റോറന്റ്, ബേക്കറി തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഒരേപോലെ ബാധകമാണ്.
ഹോട്ടലുകളിലോ മറ്റു ഭക്ഷണ വിതരണ കേന്ദ്രങ്ങളിലോ തുരുമ്പിച്ചതോ കേടുപാടുകള്‍ ഉള്ളതോ ആയ കത്തികള്‍ ഉപയോഗിക്കരുതെന്നാണ് മറ്റൊരു പ്രധാന നിര്‍ദേശം.
തുരുമ്പെടുത്ത കട്ടിങ് ഉപകരണങ്ങള്‍ ബാക്ടീരിയകള്‍ വളരാനും തുരുമ്പിന്റെ കണികകള്‍ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ കലര്‍ന്ന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുമെന്നും എഫ്എസ്എസ്എഐ ചൂണ്ടിക്കാട്ടി.
കേടായ ഉപകരണങ്ങള്‍ ഉടന്‍ മാറ്റിസ്ഥാപിക്കുക, സാനിറ്റൈസേഷന്‍ ഉറപ്പുവരുത്തുക തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്.
പ്രസ്തുത നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ 2006ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം പിഴ അടക്കമുള്ള ശിക്ഷകള്‍ ഉണ്ടാകുമെന്നും ഉത്തരവില്‍ പറയുന്നു.
നിലവില്‍ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍മാര്‍ക്കും എഫ്എസ്എസ്എഐയുടെ പ്രാദേശിക ഓഫീസുകള്‍ക്കും ഈ ഉത്തരവ് കൈമാറിയിട്ടുണ്ട്.