പിഎസ്‌സി ചെയര്‍മാനും അംഗങ്ങള്‍ക്കും പ്രത്യേക പരിരക്ഷയില്ല; ആസൂത്രണ ബോര്‍ഡ് പരീക്ഷ തട്ടിപ്പ് അന്വേഷണത്തില്‍ മുഖ്യമന്ത്രി
തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കാന്‍ പിഎസ്‌സി ചെയര്‍മാനും അംഗങ്ങള്‍ക്കും പ്രത്യേക പരിരക്ഷയൊന്നുമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ വ്യക്തമാക്കി. ഗൗരവകരമായ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കമ്മീഷന്‍ അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കണമെന്നും പിഎസ്‌സി ചെയര്‍മാന്‍ എന്നത് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കുന്ന പദവിയല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് ചോദ്യം ചെയ്യലിന് പോകില്ലെന്ന പിഎസ്‌സിയുടെ മുന്‍ നിലപാടാണ് മുഖ്യമന്ത്രി തള്ളിയത്. നിയമസഭാ സമിതിയുടെ യോഗത്തില്‍ കമ്മീഷന്‍ സെക്രട്ടറി പങ്കെടുക്കേണ്ടതില്ലെന്ന മുന്‍ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു പിഎസ്‌സിയുടെ പ്രതിരോധം. എന്നാല്‍ ക്രിമിനല്‍ നടപടിച്ചട്ട പ്രകാരം അന്വേഷണം നടത്തുമ്പോള്‍ ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ചുവരുത്തുന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരമാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
നിലവില്‍ വിശദമായ നിയമപരിശോധനയ്ക്കു ശേഷം പിഎസ്‌സിക്ക് മറുപടി നല്‍കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കല്‍ തുടരുന്നതിനിടെ, തര്‍ക്കം ഒഴിവാക്കാന്‍ ക്രൈംബ്രാഞ്ച് ആസ്ഥാനമോ പിഎസ്‌സി ഓഫീസോ അല്ലാത്ത അതിഥി മന്ദിരങ്ങളില്‍ വെച്ച് മൊഴിയെടുക്കുന്നതിനെക്കുറിച്ചും ആലോചന നടക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് നിലപാടില്‍ ഉറച്ചുനിന്നാല്‍ കേസില്‍ പിഎസ്‌സി ഹൈക്കോടതിയെ സമീപിച്ചേക്കും.