വൈദ്യുതി പ്രതിസന്ധിയ്ക്ക് പരിഹാരമായില്ല, ഇരുട്ടില്‍ തപ്പി സര്‍ക്കാര്‍; കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചകളിലും തീരുമാനമായില്ല
തിരുവനന്തപുരം: ഇരുപത് ദിവസമായിട്ടും വൈദ്യുതിപ്രതിസന്ധിയ്ക്ക് പരിഹാരം കണ്ടെത്താനാകാതെ ഇരുട്ടില്‍ തപ്പി സംസ്ഥാന സര്‍ക്കാര്‍. ഇന്നലെ 97 ദശലക്ഷം യൂണിറ്റിന് മുകളിലായിരുന്നു വൈദ്യുതി ഉപയോഗം.
കേരളത്തിന് പുറത്ത് ഉള്‍പ്പെടെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയെങ്കിലും വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ ആയിട്ടില്ല. ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകും.
അതിരൂക്ഷമാണ് സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധി. സര്‍ക്കാര്‍ പലതരത്തിലുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടുന്നുണ്ടെങ്കിലും ഒന്നും ഫലം കണ്ടിട്ടില്ല.ആണവ താപനിലയങ്ങളില്‍ നിന്ന് വൈദ്യുതി ലഭിക്കുന്നതിലും അനിശ്ചിതത്വം തുടരുന്നു.
പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ 10 രൂപയ്ക്ക് മുകളില്‍ വൈദ്യുതി ലഭിച്ചാല്‍ വാങ്ങുന്നതിന് തടസ്സമില്ലെന്ന കാര്യം റെഗുലേറ്ററി കമ്മീഷന്‍ കെഎസ്ഇബിയെ അറിയിച്ചിട്ടുണ്ട്. രണ്ടുദിവസത്തെ ആശ്വാസത്തിന് പിന്നാലെ ഇന്നലെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായി. പലയിടങ്ങളിലും മൂന്നുതവണ വൈദ്യുതി തടസ്സപ്പെട്ടു.
97.95 ദശലക്ഷം യൂണിറ്റ് ആയിരുന്നു ഇന്നലത്തെ വൈദ്യുതി ഉപയോഗം. 4785 മെഗാവാട്ട് വൈദ്യുതി പീക്ക് ടൈമില്‍ വേണ്ടിവന്നു. ഇന്ന് 900 മെഗാവാട്ടിന്റെ കുറവ് ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു.
അവധി ദിനം ആയതിനാല്‍ ഇന്ന് വൈദ്യുതി ഉപയോഗത്തില്‍ കുറവ് വരുമെന്ന പ്രതീക്ഷയും കെഎസ്ഇബിക്ക് ഉണ്ട്.
കാറ്റാടി നിലയങ്ങളില്‍ നിന്നുള്ള ഉത്പാദനം കുറഞ്ഞതും ഗ്രിഡ് ഫ്രീക്വന്‍സില്‍ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്തതും കേരളത്തിന് തിരിച്ചടി ആയിട്ടുണ്ട്.