സിം കാര്‍ഡും ഇന്റര്‍നെറ്റും വേണ്ട; ജമ്മുവില്‍ 'ലോറ' സെറ്റുമായി ഭീകരര്‍; നിരീക്ഷണം കര്‍ശനമാക്കി ഇന്ത്യന്‍ സുരക്ഷാസേന
ശ്രീനഗര്‍: മൊബൈല്‍ നെറ്റ്വര്‍ക്കില്ലാതെ ഭീകരര്‍ ആശയവിനിമയം നടത്തുന്ന 'ലോറ' സാങ്കേതിക വിദ്യ ജമ്മുകശ്മീരില്‍ സുരക്ഷാസേന കണ്ടെത്തി.
കൊല്ലപ്പെട്ട ലഷ്‌കര്‍ കമാന്‍ഡര്‍ ഹാഷിം മൂസയില്‍ നിന്നാണ് 10-15 കിലോമീറ്റര്‍ പരിധിയില്‍ സന്ദേശങ്ങള്‍ കൈമാറാന്‍ ശേഷിയുള്ള ഈ ഉപകരണം പിടിച്ചെടുത്തത്. പരമ്പരാഗത നിരീക്ഷണങ്ങളെ വെട്ടിച്ച് പാക് ഹാന്‍ഡ്‌ലര്‍മാരുമായി ബന്ധപ്പെടാന്‍ ഇത് ഉപയോഗിച്ചതായാണ് നിഗമനം.
സിം കാര്‍ഡ്, ടവര്‍, വൈഫൈ എന്നിവയുടെ സഹായമൊന്നും കൂടാതെ തന്നെ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ലോറ അഥവാ, ലോ റേഞ്ച്. എത്ര ദൂരപരിധിയിലും ട്രേസ് ചെയ്യാനാകില്ലെന്നതാണ് ഇതിന്റെ പ്രത്യേകതയെന്നതിനാല്‍ ഭീകരര്‍ക്കിടയില്‍ ഈ സംവിധാനം വ്യാപകമാണെന്നാണ് സെക്യൂരിറ്റി ഏജന്‍സികളുടെ നിരീക്ഷണം. ലോറ സിഗ്‌നലുകള്‍ കണ്ടെത്തുന്നതിനായി പ്രദേശത്തുടനീളം സെക്യൂരിറ്റി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ 29-ന് ബുദ്ഗാമിലെ ഏറ്റുമുട്ടലിലാണ് ലഷ്‌കര്‍ കമാന്‍ഡര്‍ ഹാഷിം മൂസ കൊല്ലപ്പെട്ടത്. ഇയാളുടെ വസ്ത്രത്തിനടിയില്‍ നിന്നും പ്രത്യേകമായി സംവിധാനിച്ച ലോറ അള്‍ട്രാ ഹാന്‍ഡ്‌സെറ്റ് കണ്ടെടുക്കുകയായിരുന്നു.
പിടിച്ചെടുത്തവ സാധാരണ വാക്കി-ടോക്കി ആയിരുന്നില്ലെന്നും നേരത്തെ എന്‍ക്രിപ്റ്റ് ചെയ്തുവെച്ച റേഡിയോ സംവിധാനങ്ങളാണെന്നും മുതിര്‍ന്ന സുരക്ഷാ സേനാംഗം പറഞ്ഞു.
സിം കാര്‍ഡുകളോ ടവര്‍, റീച്ചാര്‍ജ്, ലൊക്കേഷന്‍ എന്നിവയൊന്നും ആവശ്യമില്ലാതെ തന്നെ പ്രവര്‍ത്തിക്കുന്ന ഇത്തരം സംവിധാനങ്ങളെ ട്രേസ് ചെയ്യുക ബുദ്ധിമുട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.
കുറഞ്ഞ പവറിലുള്ള റേഡിയോ ഫ്രീക്വന്‍സിയാണ് ലോറയെ അപകടകാരിയാക്കുന്നത്. കൊടുംകാടുകള്‍ക്കുള്ളിലും 10-15 കിലോമീറ്റര്‍ ചുറ്റളവില്‍ ജിപിഎസുമായി സഹകരിക്കുകയും ടെക്സ്റ്റ് സന്ദേശങ്ങള്‍ കൈമാറാനും ഇതുവഴി സാധിക്കും.
ഓരോ ഡിവൈസും സിഗ്‌നലുകള്‍ ആശ്രയിക്കുന്നതിനാല്‍, ഇവക്ക് സ്വതന്ത്രമായി പ്രൈവറ്റ് ആര്‍മി നെറ്റ്വര്‍ക്ക് യഥേഷ്ടം നിര്‍മിച്ചെടുക്കാനാകും.
ജമ്മുകശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ വധിക്കാന്‍ ഇന്ത്യന്‍ സുരക്ഷാ സേന നടത്തിയ ഓപ്പറേഷന്‍ മഹാദേവിനിടയിലും സമാനമായ ലോറ ഹാന്‍ഡ്‌സെറ്റുകള്‍ കണ്ടെത്തിയിരുന്നു.
ഈ ലോറ സെറ്റുകളും ഫോണുകളും പാകിസ്ഥാന്‍ ബന്ധം തെളിയിക്കുന്നതിനായി നാഷണല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ വിശദമായ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു