ഉടമസ്ഥാവകാശമില്ല, വീടുകള്‍ക്ക് സുരക്ഷയുമില്ല; മുണ്ടംവേലിയിലെ 12 കുടുംബങ്ങള്‍ ദുരിതത്തില്‍, കുട്ടികളും സ്ത്രീകളും വയോധികരും ഉള്‍പ്പെടുന്ന 12 കുടുംബങ്ങളാണ് ആശങ്കയോടെ കഴിയുന്നത്
കൊച്ചി: ജെഎന്‍എന്‍യുആര്‍എം ഭവന പദ്ധതിയുടെ ഭാഗമായി കൊച്ചി മുണ്ടംവേലിയില്‍ നിര്‍മിച്ചുനല്‍കിയ 12 വീടുകളിലെ താമസക്കാര്‍ ഉടമസ്ഥാവകാശം ലഭിക്കാതെ ദുരിതത്തില്‍. വീടുകളുടെ ശോച്യാവസ്ഥയും കെട്ടിടങ്ങളില്‍ നിന്ന് കോണ്‍ക്രീറ്റ് അടര്‍ന്നുവീഴുന്നതും മഴക്കാലത്ത് വീടുകളില്‍ വെള്ളം കയറുന്നതും താമസക്കാര്‍ക്ക് ഭീഷണിയാകുകയാണ്.
കുട്ടികളും സ്ത്രീകളും വയോധികരും ഉള്‍പ്പെടുന്ന 12 കുടുംബങ്ങളാണ് ആശങ്കയോടെ കഴിയുന്നത്. 2006ല്‍ തറക്കല്ലിട്ട വീടുകളുടെ നിര്‍മാണം 2009ലാണ് പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറിയത്.12 വര്‍ഷത്തിനുശേഷം വീടുകളുടെ ഉടമസ്ഥാവകാശം കൈമാറുമെന്നായിരുന്നു കരാര്‍ വ്യവസ്ഥ. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ആധാരമോ മറ്റ് ഉടമസ്ഥാവകാശ രേഖകളോ ലഭിച്ചിട്ടില്ലെന്നാണ് താമസക്കാരുടെ പരാതി.
കെട്ടിടങ്ങളില്‍ വിള്ളലുകള്‍ രൂപപ്പെടുന്നതും കോണ്‍ക്രീറ്റ് അടര്‍ന്നുവീഴുന്നതും വീടുകള്‍ കുലുങ്ങുന്നതുമെല്ലാം വലിയ ഭീതിയുണ്ടാക്കുന്നതായി താമസക്കാര്‍ പറയുന്നു. മഴക്കാലത്ത് വീടുകള്‍ക്കുള്ളില്‍ വെള്ളം കയറുന്നതും പതിവാണ്.
താമസിക്കുന്ന വീടുകള്‍ക്ക് സുരക്ഷയില്ലാത്തതിനൊപ്പം നിയമപരമായി ഉടമസ്ഥാവകാശം തെളിയിക്കുന്ന ഒരു രേഖപോലുമില്ലാത്ത അവസ്ഥയിലാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് സമരസമിതി കൊച്ചി കോര്പറേഷന് സെക്രട്ടറിക്കും ജില്ലാ കലക്ടര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്. 12 വീടുകളിലും അടിയന്തരമായി സ്ട്രക്ചറല്‍ ഓഡിറ്റ് നടത്തി 30 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്നാണ് പ്രധാന ആവശ്യം.
അപകടസാധ്യതയുള്ള ഭാഗങ്ങളില്‍ അടിയന്തര സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും അറ്റകുറ്റപ്പണികളിലൂടെ പരിഹരിക്കാന്‍ കഴിയാത്ത കെട്ടിടങ്ങള്‍ പുനര്‍നിര്‍മിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ നിവേദനം നല്‍കിയിട്ടും ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നാണ് താമസക്കാരുടെ ആക്ഷേപം. വീടുകള്‍ ലഭിച്ചിട്ടും ഉടമസ്ഥാവകാശവും സുരക്ഷിതമായ താമസസൗകര്യവും ലഭിക്കാത്ത അവസ്ഥയില്‍ അധികൃതരുടെ ഇടപെടല്‍ കാത്തിരിക്കുകയാണ് 12 കുടുംബങ്ങള്‍.