പ്രത്യാശക്ക് കടന്നു വരാനാവാത്തവിധം ആരുടെയും ജീവിതം പാപത്താലോ പരാജയത്താലോ അടയാളപ്പെടുത്തപ്പെടുന്നില്ലെന്ന് ക്രിസ്തുവിന്റെ പുനരുത്ഥാനം നമ്മെ പഠിപ്പിക്കുന്നു: ലിയോ 14 ാമന്‍ പാപ്പ

വത്തിക്കാന്‍ സിറ്റി: പെസഹാരഹസ്യത്തില്‍ സംഭവിച്ച നാടകീയമായ ഒരു ട്വിസ്റ്റല്ല പുനരുത്ഥാനമെന്നും മറിച്ച് മനുഷ്യന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അര്‍ത്ഥം നല്‍കുന്ന നിശബ്ദമായ പരിവര്‍ത്തനമാണതെന്നും ലിയോ 14 ാമന്‍ പാപ്പ. ആനന്ദം മുറിവുകളില്ലാത്തതായിരിക്കണമെന്ന മിഥ്യാധാരണ അനുദിനജീവിതത്തില്‍ ക്രിസ്തുവിന്റെ സാമീപ്യത്തെ മറയ്ക്കുമെന്നും പൊതുസദസ്സില്‍ നല്‍കിയ സന്ദേശത്തില്‍ പാപ്പ മുന്നറിയിപ്പ് നല്‍കി.
ഒരു വീഴ്ചയും ശാശ്വതമല്ല, ഒരു രാത്രിയും അനന്തമല്ല, ഒരു മുറിവും എന്നേക്കും ഉണങ്ങാതിരിക്കുന്നില്ല. പ്രത്യാശക്ക് കടന്നു വരാനാവാത്തവിധം ആരുടെയും ജീവിതകഥ പാപത്താലോ പരാജയത്താലോ അടയാളപ്പെടുത്തപ്പെടുന്നില്ല എന്ന് ക്രിസ്തുവിന്റെ പുനരുത്ഥാനം നമ്മെ പഠിപ്പിക്കുന്നു; പാപ്പ പങ്കുവച്ചു.
ജീവിതത്തിലെ ഏറ്റവും അന്ധകാരം നിറഞ്ഞ നിമിഷങ്ങളിലാണ് യേശു നമ്മുടെ പക്കലേക്ക് കടന്നുവരുന്നതെന്ന് പാപ്പ തുടര്‍ന്നു. പരീക്ഷണങ്ങളില്ലാത്ത ഒരു ജീവിതമല്ല നമ്മള്‍ ചോദിക്കേണ്ടതെന്നും മറിച്ച് ഏത് ദുഃഖവും സ്നേഹത്താല്‍ നിറയ്ക്കപ്പെടുമ്പോള്‍ കൂട്ടായ്മയുടെ അനുഭവമായി മാറുമെന്ന് തിരിച്ചറിയണമെന്നും പാപ്പ പറഞ്ഞു.