“ദൈവസ്നേഹത്തിൽ നിന്ന് ആരും ഒഴിവാക്കപ്പെട്ടിട്ടില്ല”: ഇക്വറ്റോറിയൽ ഗിനിയയിലെ ജയിലിൽ പ്രത്യാശ പകർന്ന് ലെയോ പതിനാലാമൻ മാർപാപ്പ

 
African

ആഫ്രിക്കൻ പര്യടനത്തിന്റെ പത്താം ദിവസം, ഇക്വറ്റോറിയൽ ഗിനിയയിലെ ഏറ്റവും കുപ്രസിദ്ധമായ തടവറകളിലൊന്നായ ബാറ്റ ജയിലിൽ സന്ദർശനം നടത്തി ലെയോ പതിനാലാമൻ മാർപാപ്പ. “ദൈവസ്നേഹത്തിൽ നിന്ന് ആരും ഒഴിവാക്കപ്പെട്ടിട്ടില്ല” എന്ന ശക്തമായ സന്ദേശമാണ് തടവുകാർക്ക് മുന്നിൽ അദ്ദേഹം പ്രഖ്യാപിച്ചത്. 

അതേസമയം മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ നിരന്തരം വാർത്തകളിൽ നിറയാറുള്ള ഈ ജയിലിലെ മാർപാപ്പയുടെ സാന്നിധ്യം ആഗോള ശ്രദ്ധയാകർഷിച്ചു.

ജയിലിലെ സെല്ലുകളിലെ അമിതമായ തിരക്ക്, കുടിവെള്ളമില്ലായ്മ, ശുചിത്വക്കുറവ്, വൈദ്യസഹായത്തിന്റെ അഭാവം തുടങ്ങിയ കഠിനമായ സാഹചര്യങ്ങൾക്കിടയിൽ കഴിയുന്ന തടവുകാരുടെ സാക്ഷ്യങ്ങൾ മാർപാപ്പ നേരിട്ട് കേട്ടു. 

“നമ്മുടെ ചരിത്രവും തെറ്റുകളും കഷ്ടപ്പാടുകളും എന്തുതന്നെയായാലും, നാം ഓരോരുത്തരും കർത്താവിന്റെ ദൃഷ്ടിയിൽ വിലപ്പെട്ടവരാണ്,” എന്ന് തടവുകാരോട് പാപ്പ പറഞ്ഞു . ശിക്ഷിക്കുന്നതിനേക്കാൾ ഉപരിയായി, കുറ്റവാളികളെയും ഇരകളെയും പുനരധിവസിപ്പിക്കുന്നതാകണം യഥാർഥ നീതിയെന്നും പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു.


നീതിന്യായ മന്ത്രിയുടെ സാന്നിധ്യത്തിൽ നടത്തിയ പ്രസംഗത്തിൽ, ജയിലിൽ കഴിയുന്നവർക്ക് അന്തസ്സോടെ പഠിക്കാനും ജോലി ചെയ്യാനുമുള്ള സാഹചര്യം ഒരുക്കണമെന്ന് മാർപാപ്പ ആവശ്യപ്പെട്ടു.

മാർപാപ്പയ്ക്കായി തടവുകാർ ആലപിച്ച ഗാനം ചടങ്ങിനെ വികാരാധീനമാക്കി. തങ്ങൾക്കും തങ്ങളുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർഥിക്കണമെന്ന തടവുകാരുടെ അഭ്യർഥനയ്ക്ക്, “നിങ്ങൾ ഒറ്റയ്ക്കല്ല, ദൈവം നിങ്ങളെ ഒരിക്കലും കൈവിടില്ല, സഭ നിങ്ങളോടൊപ്പമുണ്ടാകും” എന്ന് പാപ്പ മറുപടി നൽകി.

ഫ്രാൻസിസ് മാർപാപ്പയുടെ പാത പിന്തുടർന്ന് ജയിൽ സന്ദർശനങ്ങൾ തന്റെ ശുശ്രൂഷയുടെ മുൻഗണനയായി ലെയോ പതിനാലാമൻ മാർപാപ്പയും മാറ്റുകയാണ്. 

എൺപത് ശതമാനത്തോളം കത്തോലിക്കർ അധിവസിക്കുന്ന ഇക്വറ്റോറിയൽ ഗിനിയയിലെ വിശ്വാസികൾക്ക് പാപ്പായുടെ ഈ സന്ദർശനം വലിയ ആത്മീയ കരുത്താണ് പകരുന്നത്. 

ഗാബോൺ അതിർത്തിയിലെ മോംഗോമോയിൽ ഒരു ലക്ഷത്തോളം വിശ്വാസികൾ പങ്കെടുത്ത ദിവ്യബലിക്ക് ശേഷമാണ് അദ്ദേഹം ബാറ്റ നഗരത്തിലെത്തിയത്.

Tags

Share this story

From Around the Web