ക്രിസ്തുവിന് ഉയര്‍ത്താന്‍ കഴിയാത്തവിധം ആരും വീണുപോയിട്ടില്ല അര്‍ജന്റീനയിലെ യുവജനങ്ങളോട് പാപ്പ
ക്രിസ്തുവിലേക്ക് മടങ്ങാന്‍ അര്‍ജന്റീനയിലെ യുവജനങ്ങള ക്ഷണിച്ച് ലിയോ 14-ാമന്‍ പാപ്പ. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ പാപ്പയോടൊപ്പം ജാഗരണപ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്ന 10 ലക്ഷത്തിലധികം യുവജനങ്ങളോടാണ് പ്രാര്‍ത്ഥനയിലൂടെ ക്രിസ്തുവിലേക്ക് മടങ്ങാന്‍ പാപ്പ ആഹ്വാനം ചെയ്തത്.
വിശുദ്ധിയിലേക്കുള്ള ദൈവത്തിന്റെ വിളിക്ക് പ്രത്യുത്തരം നല്‍കാന്‍ ഒരിക്കലും വൈകിയിട്ടില്ലെന്ന് പാപ്പ ഓര്‍മിപ്പിച്ചു. ഇന്ന് പോണോഗ്രഫിയുടെയും ലഹരിവസ്തുക്കളുടെയും അടിമകളാകാനുള്ള പ്രലോഭനം നേരിടുന്നതായി പാപ്പ തുടര്‍ന്നു.
വിജയം, പണം, സൗന്ദര്യം, പ്രശസ്തി, തുടങ്ങിയ വിഗ്രഹങ്ങള്‍ ഇന്നും നമ്മുടെ ആരാധന ആവശ്യപ്പെടുന്നു. നിങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ കഴിയാത്ത ഒന്നിന്റെയും മുമ്പില്‍ കുമ്പിടരുത്. നിങ്ങള്‍ എപ്പോഴെങ്കിലും വീണുപോയിട്ടുണ്ടെങ്കില്‍, എഴുന്നേല്‍ക്കുക. ദൈവം നിങ്ങള്‍ക്ക് നല്‍കിയ സ്വാതന്ത്ര്യം എടുത്തുകളയാന്‍ ആരെയും അനുവദിക്കരുത്, പാപ്പ യുവജനങ്ങളോട് പറഞ്ഞു.
'' വളരെ വൈകിപ്പോയെന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്?'', സാക്ഷ്യം നല്‍കിയ ഒരു യുവതിയുടെ ജീവിതത്തെ മാറ്റിമറിച്ച ചോദ്യം ഉദ്ധരിച്ചുകൊണ്ട് പാപ്പ തുടര്‍ന്നു. ''ദൈവത്തിന്റെ വിളിക്ക് ഉത്തരം നല്‍കാന്‍ ഒരിക്കലും വൈകിയിട്ടില്ല, കാരണം ആരും ക്രിസ്തുവിന് ഉയര്‍ത്താന്‍ കഴിയാത്തവിധം വീണുപോയിട്ടില്ല'' പാപ്പ കൂട്ടിച്ചേര്‍ത്തു.