ആരെയും നിര്‍ബന്ധിച്ച് നാടുകടത്താന്‍ കഴിയില്ല: പാപ്പാ

വത്തിക്കാന്‍: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മാലിദ്വീപിന് തെക്കും മൗറീഷ്യസിന് വടക്കുകിഴക്കുമായി സ്ഥിതി ചെയ്യുന്ന ഷഗോസ് ദ്വീപില്‍ നിന്നുമുള്ള അഭയാര്‍ഥികളുടെ പ്രതിനിധിസംഘത്തെ വത്തിക്കാനിലെ ഒരു സ്വകാര്യസദസില്‍ ലിയോ പതിനാലാമന്‍ പാപ്പാ സ്വീകരിച്ചു.
ദ്വീപിന്റെ സ്വാതന്ത്ര്യത്തിനും, ഇംഗ്ലീഷ് ആധിപത്യത്തില്‍ നിന്നും, മൗറീഷ്യസിലേക്ക് തിരികെ പോകുവാനുമുള്ള ആളുകളുടെ നിശ്ചയദാര്‍ഢ്യത്തെ, പാപ്പാ പ്രത്യേകം അഭിനന്ദിച്ചു.
2023 ല്‍ ഫ്രാന്‍സിസ് പാപ്പായുമായി, ഈ സമൂഹം നടത്തിയ കൂടികാഴ്ച്ചയെയും പാപ്പാ അനുസ്മരിച്ചു. 2024 ഒക്ടോബര്‍ 3-ന്, യുണൈറ്റഡ് കിംഗ്ഡത്തിലെയും മൗറീഷ്യസിലെയും സര്‍ക്കാരുകള്‍ നടത്തിയ സംയുക്ത പ്രഖ്യാപനം, പാപ്പായുമായുള്ള കൂടിക്കാഴ്ചയില്‍, പറഞ്ഞ വാക്കുകള്‍ക്ക് സാക്ഷാത്കരണം നല്‍കുന്നതാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. 'നിങ്ങളുടെ സന്തോഷത്തിലും, പ്രത്യാശയിലും ഞാന്‍ നിങ്ങളോടൊപ്പമുണ്ട്.', പാപ്പാ പറഞ്ഞു.
ഹൃദയം തുറന്ന്, ജനങ്ങളുടെ കഷ്ടപ്പാടുകള്‍ മനസിലാക്കിക്കൊണ്ട് , ഈ ഒരു കരാറില്‍ എത്തിച്ചേര്‍ന്ന എല്ലാവരെയും പാപ്പാ പ്രത്യേകം അഭിനന്ദിച്ചു. തങ്ങളുടെ അവകാശങ്ങളുടെ സമാധാനപരമായ വീണ്ടെടുപ്പിനു നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിച്ച ദ്വീപു നിവാസികളെ, പ്രത്യേകമായും സ്ത്രീജനങ്ങളെ പാപ്പാ പ്രത്യേകം അനുമോദിച്ചു.
മാതൃ ദ്വീപസമൂഹത്തിലേക്കുള്ള ജനങ്ങളുടെ തിരിച്ചുവരവ്, അന്താരാഷ്ട്ര രംഗത്ത് പ്രതീകാത്മകമായി പ്രോത്സാഹനജനകമാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.
'എല്ലാ ജനങ്ങളും, ഏറ്റവും ചെറിയവരും, ദുര്‍ബലവുമായവര്‍ പോലും, അവരുടെ സ്വത്വത്തിലും അവകാശങ്ങളിലും, പ്രത്യേകിച്ച് സ്വന്തം നാട്ടില്‍ ജീവിക്കാനുള്ള അവരുടെ അവകാശം ശക്തരായവരാല്‍ ബഹുമാനിക്കപ്പെടണം; ആര്‍ക്കും അവരെ നിര്‍ബന്ധിത നാടുകടത്തലിനായി ബലം പ്രയോഗിക്കാനാവില്ല', പാപ്പാ പറഞ്ഞു.
മൗറീഷ്യസിലെ അധികാരികളും അന്താരാഷ്ട്ര സമൂഹവും 60 വര്‍ഷത്തിനുശേഷം ഷഗോസ് സമൂഹത്തിന്റെ തിരിച്ചുവരവ് സാധ്യക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമ്പോള്‍, പ്രാദേശിക സഭയും, പ്രത്യേകമായി ആത്മീയതയില്‍ ഒപ്പമുണ്ടായിരിക്കുമെന്നും, പാപ്പാ ഉറപ്പു നല്‍കി.
അനീതി കാണിച്ചവരോട് ക്ഷമിക്കുവാനും, ഭാവിയിലേക്ക് ദൃഢനിശ്ചയത്തോടെ നോക്കാനും ക്ഷണിച്ചുകൊണ്ട്, പാപ്പാ അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു.