ഇറാനെതിരെ പുതിയ സൈനിക നടപടികളില്ല, സാമ്പത്തിക സമ്മർദ്ദത്തിന്റെ വഴി സ്വീകരിക്കുമെന്ന് ഡോണൾഡ് ട്രംപ്

 
trump

വാഷിങ്ടൺ: ഇറാനെതിരെ ഇനി പുതിയ സൈനിക നടപടികൾ ഉണ്ടാകില്ലെന്നും സാമ്പത്തിക സമ്മർദ്ദത്തിന്റെ വഴിയിലൂടെ പ്രതിരോധം തീർക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഹോർമുസ് പാത തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാൻ പുതിയ നിബന്ധനകൾ മുന്നോട്ടുവെച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രതികരണം. 

ഇസ്രായേൽ ചാനൽ 12 ലെ മാധ്യമപ്രവർത്തകനായ ബരാക് റാവിഡുമായുള്ള ഫോൺ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇനി ഇറാനെതിരെ സൈനിക നടപടികളിലല്ല അമേരിക്ക ശ്രദ്ധയൂന്നുകയെന്നും, സാമ്പത്തിക സമ്മർദ്ദത്തിലൂടെ ഇറാനെ വരുതിക്ക് കൊണ്ടുവരാൻ ശ്രമിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കുന്നതുമായി ബന്ധപ്പെട്ട് ഇറാൻ കർശന വ്യവസ്ഥകൾ മുന്നോട്ടുവെച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന പുറത്തുവന്നത്. അതേസമയം, ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതം ഇറാൻ പൂർണ്ണമായി പുനഃസ്ഥാപിച്ചാൽ, പുതിയ ആണവ കരാറില്ലാതെ തന്നെ അമേരിക്ക ഈ സംഘർഷത്തിൽ നിന്നും പിന്മാറുമെന്ന് ട്രംപ് തന്റെ മുതിർന്ന സഹായികളോട് സൂചിപ്പിച്ചതായി 'ദ വാൾ സ്ട്രീറ്റ് ജേണൽ' റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

എന്നാൽ, അമേരിക്കയുമായി നിലവിൽ നേരിട്ട് ചർച്ചകൾ നടത്തുന്നില്ലെന്നും ഇടനിലക്കാർ വഴി മാത്രമാണ് സന്ദേശങ്ങൾ കൈമാറുന്നതെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പ്രതികരിച്ചു.

Tags

Share this story

From Around the Web