ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് പുതിയ ബാര്‍ ലൈസന്‍സില്ല, മദ്യനയത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍,നിലവില്‍ ലൈസന്‍സുള്ള ബാറുകള്‍ക്ക് പ്രവര്‍ത്തനം തുടരാനും ലൈസന്‍സ് പുതുക്കാനും അനുമതിയുണ്ടാകും

 
BAR

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യനയത്തില്‍ നിര്‍ണായക മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. പുതിയ മദ്യനയത്തിന്റെ കരട് നിര്‍ദേശങ്ങളില്‍ ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് പുതിയ ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കേണ്ടതില്ലെന്നാണ് പ്രധാന നിര്‍ദേശം.

 നിലവില്‍ ലൈസന്‍സുള്ള ബാറുകള്‍ക്ക് പ്രവര്‍ത്തനം തുടരാനും ലൈസന്‍സ് പുതുക്കാനും അനുമതിയുണ്ടാകും. എന്നാല്‍ പുതിയ ലൈസന്‍സുകള്‍ നല്‍കുന്നത് നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.


സംസ്ഥാനത്തെ ബാറുകളില്‍ ഭൂരിഭാഗവും ത്രീ സ്റ്റാര്‍ വിഭാഗത്തിലാണ്. ആകെയുള്ള 906 ബാറുകളില്‍ 515 എണ്ണവും ത്രീ സ്റ്റാര്‍ ഹോട്ടലുകളിലാണ് പ്രവര്‍ത്തിക്കുന്നത്. 2017ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയിലൂടെയാണ് ത്രീ സ്റ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് അനുവദിക്കാന്‍ തുടങ്ങിയത്. ഇതില്‍ മാറ്റം വരുത്താനാണ് പുതിയ നീക്കം.


പുതിയ ബെവ്‌കോ ഔട്ട്ലെറ്റുകള്‍ ആരംഭിക്കേണ്ടതില്ലെന്നും കരട് മദ്യനയത്തില്‍ നിര്‍ദേശമുണ്ട്. നിലവിലുള്ള ഔട്ട്ലെറ്റുകള്‍ മാറ്റിസ്ഥാപിക്കേണ്ട സാഹചര്യമുണ്ടായാല്‍ കൂടുതല്‍ കര്‍ശനമായ നിബന്ധനകള്‍ പാലിക്കേണ്ടിവരും. ബാര്‍ ലൈസന്‍സിന് ബാധകമായ പാര്‍ക്കിങ് സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങളും ഇതിനായി പരിഗണിക്കും. കൂടാതെ ബാറുകളുടെ പ്രവര്‍ത്തന സമയത്തിലും മാറ്റങ്ങള്‍ വരുത്തിയേക്കും.


ബാറുകളുടെ എണ്ണത്തില്‍ വലിയ തോതിലുള്ള വര്‍ദ്ധനവ് തടയുക, മദ്യലഭ്യത ക്രമേണ കുറയ്ക്കുക, സര്‍ക്കാരിന് ലഭിക്കുന്ന വരുമാനത്തോടൊപ്പം സാമ്പത്തിക ബാധ്യതകളും ആരോഗ്യപരമായ തിക്തഫലങ്ങളും ലഘൂകരിക്കുക എന്നിവയാണ് ഈ നയമാറ്റത്തിലൂടെ എക്‌സൈസ് വകുപ്പ് ലക്ഷ്യമിടുന്നത്.

നിലവിലുള്ള കരട് നയം ഉടന്‍ തന്നെ മുഖ്യമന്ത്രിക്ക് കൈമാറും. ഇതിനുശേഷം യു.ഡി.എഫ് യോഗത്തിലും മുന്നണി ഉപസമിതിയിലും ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

Tags

Share this story

From Around the Web