രോഗികളെ ആത്മഹത്യ ചെയ്യുവാന്‍ സഹായിക്കേണ്ടതില്ല; കത്തോലിക്ക സമൂഹങ്ങള്‍ക്ക് താല്‍ക്കാലിക ഇളവ് നല്‍കി കോടതി

 
dayavadham


 ഇല്ലിനോയി : യുഎസിലെ ഇല്ലിനോയി സംസ്ഥാനത്തെ ദയാവധ അനുകൂല നിയമത്തില്‍ നിന്ന് ചിക്കാഗോ അതിരൂപത, രണ്ട് കത്തോലിക്കാ സന്യാസിനി സമൂഹങ്ങള്‍ എന്നിവര്‍ക്ക് താല്‍ക്കാലിക ഇളവ് നല്‍കി കോടതി.


 ഇല്ലിനോയി സംസ്ഥാനത്തിന്റെ ആത്മഹത്യാ സഹായ (ദയാവധം) നിയമത്തില്‍ നിന്ന് ചിക്കാഗോ അതിരൂപതയ്ക്കും പ്രായമായവരെയും ആലംബഹീനരെയും സംരക്ഷിക്കുന്ന സന്യാസിനിസമൂഹങ്ങളായ കാര്‍മലൈറ്റ് സിസ്റ്റേഴ്സ് ഫോര്‍ ദി ഏജ്ഡ് ആന്‍ഡ് ഇന്‍ഫേം, ലിറ്റില്‍ സിസ്റ്റേഴ്സ് ഓഫ് ദി പുവര്‍ എന്നീ സമൂഹങ്ങള്‍ക്കുമാണ് ഫെഡറല്‍ കോടതി താല്‍ക്കാലിക ഒഴിവ് നല്‍കിയത്.

ഫെഡറല്‍ ജഡ്ജി ഫ്രാങ്ക്ലിന്‍ വാല്‍ഡര്‍മാര്‍ കത്തോലിക്കാ ഹര്‍ജിക്കാര്‍ക്കെതിരെ നിയമം നടപ്പിലാക്കുന്നതില്‍ നിന്ന് സംസ്ഥാനത്തിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി ഉത്തരവിടുകയായിരുന്നു. 

രോഗികളെ ആത്മഹത്യയ്ക്ക് സഹായിക്കാന്‍ കത്തോലിക്കര്‍ നിര്‍ബന്ധിതരാകുന്നത് മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ഇവര്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിയമം നടപ്പിലാക്കാന്‍ അധികാരികള്‍ക്ക് തടസമില്ല. കത്തോലിക്കാ ആരോഗ്യ പ്രവര്‍ത്തകരെ അവരുടെ മനസ്സാക്ഷിക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ സംസ്ഥാനം നിര്‍ബന്ധിക്കുന്നത് തടയാന്‍ വേണ്ടിയാണ് ഈ നിയമപോരാട്ടമെന്ന് ആര്‍ച്ചുബിഷപ് ബ്ലേസ് സുപിച് വ്യക്തമാക്കി.

2025 ഡിസംബറില്‍ പ്രാബല്യത്തില്‍ വന്ന പുതിയ നിയമപ്രകാരം, ഗുരുതര രോഗബാധിതരായ വ്യക്തികള്‍ക്ക് ഡോക്ടര്‍മാരുടെ സഹായത്തോടെ ആത്മഹത്യയ്ക്കുള്ള മരുന്ന് സ്വീകരിക്കാന്‍ അനുവാദമുണ്ട്. 

ഇതിനെതിരെയാണ് കത്തോലിക്കാ സഭയും മറ്റ് ആരോഗ്യ സംഘടനകളും നിയമപോരാട്ടം നടത്തുന്നത്. സ്പ്രിങ്ഫീല്‍ഡ് രൂപത നല്‍കിയ സമാനമായ മറ്റൊരു കേസും ഫെഡറല്‍ കോടതിയുടെ പരിഗണനയിലുണ്ട്. 

ഏതായാലും ദരിദ്രര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും ചിക്കാഗോ അതിരൂപതയും സന്യാസിനി സമൂഹങ്ങളും നല്‍കിവരുന്ന സേവനങ്ങള്‍ തുടരാന്‍ കോടതി വിധി സഹായകമാകും.

Tags

Share this story

From Around the Web