വരള്‍ച്ചയും കടക്കെണിയും നോണ്‍-വെജ് വേണ്ട; വിവാഹാനന്തര ആഡംബര വിരുന്ന് നിരോധിച്ച് കര്‍ണാടക ഗ്രാമം, ലംഘിച്ചാല്‍ ഒരു ലക്ഷം രൂപ പിഴ

 
NONVEG


 
ശിവമോഗ: വര്‍ധിച്ചുവരുന്ന സാമ്പത്തിക ബാധ്യതയും കടുത്ത വരള്‍ച്ചയും വിളനാശവും കണക്കിലെടുത്ത്, വിവാഹാനന്തരമുള്ള ചെലവേറിയ ആഡംബര വിരുന്നുകള്‍ ('ബീഗര ഊട്ട') പൂര്‍ണമായി നിരോധിച്ച് കര്‍ണാടക ഗ്രാമം. ശിവമോഗയിലെ ഷികാരിപുര താലൂക്കിലുള്ള ഹരഗി ഗ്രാമവാസികളാണ് മാതൃകാപരമായ തീരുമാനമെടുത്തത്.


ഗ്രാമത്തിലെ 350-ലധികം വരുന്ന മുഴുവന്‍ കുടുംബങ്ങളും ആഞ്ജനേയ ക്ഷേത്രത്തില്‍ ഒത്തുചേര്‍ന്നാണ് ഈ ചരിത്രപരമായ തീരുമാനമെടുത്തത്. ആഡംബര വിരുന്നുകള്‍ സംഘടിപ്പിക്കുന്നത് തടയുന്നതിനായി, നിരോധനം ലംഘിച്ച് വിരുന്ന് നടത്തുന്നവരില്‍ നിന്ന് 1 ലക്ഷം രൂപയും ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് 50,000 രൂപയും പിഴ ഈടാക്കാനും ഗ്രാമസഭ തീരുമാനിച്ചു.

പഴയ മൈസൂരു പ്രദേശങ്ങളിലും മലനാട് മേഖലയിലും വളരെ പ്രചാരത്തിലുള്ള പരമ്പരാഗത നോണ്‍-വെജ് വിരുന്നാണ് 'ബീഗര ഊട്ട'.'കടുത്ത വരള്‍ച്ചയും തുടര്‍ച്ചയായ വിളനാശവും കാരണം ഞങ്ങളുടെ ഗ്രാമത്തിലുടനീളമുള്ള കര്‍ഷകരും കുടുംബങ്ങളും ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ വളരെയധികം കഷ്ടപ്പെടുകയാണ്. 


കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, വിവാഹത്തിന് ശേഷമുള്ള ഗംഭീരമായ നോണ്‍-വെജിറ്റേറിയന്‍ വിരുന്നുകള്‍ നടത്തുന്നത് സമീപകാലത്തായി ഇത് ഒരു സാമൂഹിക അന്തസിന്റെ ഭാഗമാവുകയും നിര്‍ധനരായ കുടുംബങ്ങള്‍ പോലും വലിയ തുക കടമെടുത്ത് ഇത്തരം വിരുന്നുകള്‍ നടത്താന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു. 


ഇത് സാധാരണക്കാരായ കുടുംബങ്ങളെ പോലും പ്രതിസന്ധിയിലാക്കി' ഗ്രാമവാസിയായ കെ.ബി. ഷെക്രാജ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വിവാഹച്ചടങ്ങുകള്‍ ലളിതമാക്കാനും അടുത്ത ബന്ധുക്കളായ 10 മുതല്‍ 20 വരെ ആളുകളില്‍ മാത്രമായി പരിമിതപ്പെടുത്താനും തീരുമാനമായി. 


പരമ്പരാഗത ആചാരങ്ങള്‍ പിന്തുടരാമെങ്കിലും ഗ്രാമവാസികളെ മുഴുവന്‍ പങ്കെടുപ്പിച്ചുകൊണ്ട് വലിയ വിരുന്നുകള്‍ നടത്തുന്നതിനും വിലക്കുണ്ട്.

Tags

Share this story

From Around the Web