അമേരിക്കയിൽ ഇനി വിമാനത്താവളങ്ങളിൽ ഷൂസ് അഴിച്ചുവെക്കേണ്ട; പുതിയ നയം പ്രാബല്യത്തിൽ

ഷൂസ് അഴിച്ചുമാറ്റുന്നതിൽ നിന്ന് അമേരിക്കൻ വിമാനത്താവളങ്ങളിലെ യാത്രക്കാർക്ക് ഇനി ഇളവ് ലഭിക്കും. ജൂലൈ 8 നാണ് പുതിയ നയം നിലവിൽ വന്നത്. 20 വർഷത്തോളം പ്രാബല്യത്തിലുണ്ടായിരുന്ന ഒരു നിബന്ധനയ്ക്കാണ് ഇതോടെ മാറ്റമുണ്ടായിരിക്കുന്നത്. അമേരിക്കയിലെ റൊണാൾഡ് റീഗൻ നാഷണൽ എയർപോർട്ടിൽ വെച്ച് നടന്ന വാർത്താ സമ്മേളനത്തിൽ വെച്ച് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം ആണ് ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ (TSA) നിയമങ്ങളിലെ ഈ സുപ്രധാന മാറ്റം പ്രഖ്യാപിച്ചത്.
പാദരക്ഷകളിൽ സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ച് “ഷൂ ബോംബർ” എന്നറിയപ്പെട്ട റിച്ചാർഡ് റീഡിനെ 2001-ൽ അറസ്റ്റ് ചെയ്തതിന് അഞ്ച് വർഷത്തിന് ശേഷമാണ്, 2006 മുതൽ അമേരിക്കൻ വിമാനത്താവളങ്ങളിലെ യാത്രക്കാർ സ്ക്രീനിംഗിനായി ഷൂസ് അഴിച്ചുമാറ്റണമെന്ന് നിർബന്ധമാക്കിയിരുന്നത്.
“ആ നയം നിലവിൽ വന്നതിന് ശേഷമുള്ള 20 വർഷത്തിനുള്ളിൽ, നമ്മുടെ സുരക്ഷാ സാങ്കേതികവിദ്യയിൽ വലിയ പുരോഗതിയുണ്ടായി. TSA-യും മാറിക്കഴിഞ്ഞു. സുരക്ഷയ്ക്കായി നമുക്ക് ഇപ്പോൾ ബഹുതല ഗവൺമെന്റ് സമീപനമുണ്ട്,” നോം പറഞ്ഞു. യാത്രക്കാർക്കും രാജ്യത്തിനും ഒരേ നിലവാരത്തിലുള്ള സുരക്ഷ ഉറപ്പാക്കിക്കൊണ്ട് തന്നെ യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കാൻ കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു.
2001 ഡിസംബറിൽ പാരീസിൽ നിന്ന് മിയാമിയിലേക്കുള്ള അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ വെച്ച് റീഡ് തന്റെ ഷൂസിലെ ഫ്യൂസ് കത്തിക്കാൻ ശ്രമിക്കുന്നതിനിടെ സഹയാത്രക്കാർ ചേർന്ന് കീഴ്പ്പെടുത്തുകയായിരുന്നു. തീവ്രവാദ കുറ്റങ്ങൾക്കും മറ്റ് കുറ്റങ്ങൾക്കും ശിക്ഷിക്കപ്പെട്ട റീഡ് നിലവിൽ കൊളറാഡോയിലെ ജയിലിൽ ജീവപര്യന്തം തടവിൽ കഴിയുകയാണ്.
ഷൂ പോളിസിയിലെ മാറ്റത്തെക്കുറിച്ച് TSA പുറത്തിറക്കിയ പ്രസ്താവനയിൽ, മറ്റ് സുരക്ഷാ നടപടികൾ അതേപടി തുടരുമെന്ന് വ്യക്തമാക്കി. യാത്രക്കാരുടെ ഐഡന്റിറ്റി പരിശോധന, സുരക്ഷിത ഫ്ലൈറ്റ് പരിശോധന തുടങ്ങിയ സുരക്ഷാ നടപടികൾക്ക് ഒരു മാറ്റവും ഉണ്ടാകില്ലെന്ന് TSA അറിയിച്ചു.