ജന്തര്‍ മന്തറില്‍ ഇനി സമരം വേണ്ട'; പ്രതിഷേധ വേദികളില്‍ നിന്ന് വെട്ടി ഡല്‍ഹി പൊലീസ്, പ്രതിഷേധങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നതിനായി മൂന്ന് പുതിയ സ്ഥലങ്ങള്‍ നിശ്ചയിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി ജന്തര്‍ മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയില്‍നിന്ന് നീക്കി പൊലീസ്. പ്രതിഷേധങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നതിനായി മൂന്ന് പുതിയ സ്ഥലങ്ങള്‍ നിശ്ചയിച്ച് ഡല്‍ഹി പൊലീസ് ഉത്തരവിറക്കി.
രാംലീല മൈതാനം, ബുറാരി ഗ്രൗണ്ട്, കിഴക്കന്‍ ഡല്‍ഹിയിലെ സിബിഡി ഗ്രൗണ്ട് എന്നിവയാണ് പുതിയ പ്രതിഷേധ വേദികള്‍. ഡല്‍ഹി പൊലീസ് കമ്മീഷണര്‍ അനുരാഗ് കുമാറാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പൊലീസ് നീക്കം.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച സമിതിയുടെ ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പൊലീസ് പറയുന്നു. പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ അനുയോജ്യമായ ബദല്‍ വേദികള്‍ കണ്ടെത്തുന്നതിനായിരുന്നു സമിതിയുടെ ചുമതല. പുതിയ സ്ഥലങ്ങളില്‍ പ്രതിഷേധങ്ങള്‍ നടത്തുന്നതിനുള്ള വിശദമായ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്നീട് പുറത്തിറക്കുമെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.
രാജ്യതലസ്ഥാനത്ത് രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹിക സംഘടനകളും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിഷേധിക്കുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു ജന്തര്‍ മന്തര്‍. അതേസമയം, ജന്തര്‍ മന്തറിനെ പ്രതിഷേധ വേദികളുടെ പട്ടികയില്‍നിന്ന് നീക്കിയതിനെ ചോദ്യം ചെയ്ത് ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി എത്തി. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം നിയന്ത്രിക്കപ്പെടുന്നുവെന്നും പകരം വേദികള്‍ സംബന്ധിച്ച ആശങ്കകളുണ്ടെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. ഹരജി നാളെ പരിഗണിക്കും.