ആര് കളിയാക്കിയാലും, ദിവ്യബലിയിലെ ഗാനങ്ങള്‍ ഉറക്കെ പാടും; വിശ്വാസം ഏറ്റുപറഞ്ഞ് ഹോളിവുഡ് താരം
ഹോളിവുഡിന്റെ മായാലോകത്ത് വിശ്വാസത്തിന്റെ കരുത്തില്‍ പിടിച്ചുനിന്ന ഹോളിവുഡ് താരത്തിന്റെ കഥ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ലോസ് ആഞ്ചലസ് നഗരത്തില്‍ കടുത്ത ഏകാന്ത അനുഭവിച്ചപ്പോള്‍ അവിടെ പിടിച്ചുനില്‍ക്കാന്‍ സഹായിച്ചത് പ്രാര്‍ത്ഥന മാത്രമാണെന്നാണ് പ്രശസ്ത നടിയായ കാത്തി മൊറിയാര്‍ട്ടി വെളിപ്പെടുത്തിയത്. ‘റേജിംഗ് ബുള്‍’, ‘കിന്റര്‍ഗാര്‍ട്ടന്‍ കോപ്പ്’ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തയായ നടിയാണ് കാത്തി മൊറിയാര്‍ട്ടി. ഒരു കത്തോലിക്ക മാധ്യമത്തിന്റെ പോഡ്കാസ്റ്റിലാണ് താരം തന്റെ മനസുതുറന്നത്.
കുടുംബത്തില്‍ നിന്ന് ലഭിച്ച വിശ്വാസം ഹോളിവുഡിലെ വര്‍ണാഭമായ ലോകത്ത് 30 വര്‍ഷം പിടിച്ചുനില്‍ക്കാന്‍ സഹായിച്ചതായി കാത്തി പറഞ്ഞു. പിതാവില്‍ നിന്ന് ലഭിച്ച വിശ്വാസവും പദ്രെ പിയോയോടുള്ള ഭക്തിയും, കുടുംബത്തോടൊപ്പം എന്നും വൈകുന്നേരം ചൊല്ലിയിരുന്ന ജപമാലയും ഹോളിവുഡിന്റെ മാസ്മരിക ലോകത്ത് കാത്തിക്ക് ആശ്വാസം നല്‍കി.
ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ താമസിക്കുന്ന കാത്തി, തന്റെ മക്കളെയും ഉറച്ച വിശ്വാസത്തിലാണ് വളര്‍ത്തിയത്. മകന്‍ ജോയി 15 വയസ്സ് മുതല്‍ സണ്‍ഡേ സ്‌കൂളില്‍ വേദപാഠം പഠിപ്പിക്കുന്നു. കാത്തി ഇന്നും മക്കളെയും കൊച്ചുമക്കളെയും കൂട്ടി ദൈവാലയത്തില്‍ പോകാറുണ്ട്. ആരൊക്കെ കളിയാക്കിയാലും താന്‍ ദിവ്യബലിയില്‍ പങ്കുചേരുമ്പോള്‍ ഗാനങ്ങള്‍ ഉറക്കെ പാടുമെന്നും അതാണ് തനിക്ക് ആശ്വാസം നല്‍കുന്നതെന്നും കാത്തി പറഞ്ഞു.