ചായമെത്ര തേച്ചാലും നീലക്കുറുക്കന് കൂവാതിരിക്കാനാവില്ല, അതുപോലെയാണ് സംഘപരിവാറിന്റെ ക്രൈസ്തവ സ്‌നേഹമെന്ന് കെസി വേണുഗോപാല്‍ എംപി

​​​​​​​

 
k c venugopal


കൊച്ചി: കഴിഞ്ഞ ദിവസം കേസരിയില്‍ വന്ന ക്രൈസ്തവ വിരുദ്ധ ലേഖനത്തിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ആര്‍എസ്എസിന്റെ ക്രൈസ്തവ വിരുദ്ധത ആവര്‍ത്തിക്കുന്നതാണ് ലേഖനമെന്ന് അദ്ദേഹം ആരോപിച്ചു. ഓര്‍ഗനൈസറും കേസരിയും അച്ചടിക്കുന്നത് വെറുപ്പിന്റെ കടലാസ് കഷ്ണങ്ങളിലാണ്. ക്രൈസ്തവരെ നാടിന്റെ ശത്രുപക്ഷത്ത് നിര്‍ത്താനുള്ള ആര്‍എസ്എസ് ഗൂഢലക്ഷ്യത്തെ തള്ളിക്കളയാന്‍ ബിജെപി തയ്യാറുണ്ടോയെന്നും കെസി വേണുഗോപാല്‍ ചോദിച്ചു.

ആര്‍എസ്എസിന്റെ ക്രൈസ്തവ വിരുദ്ധത വീണ്ടും പ്രകടമാക്കുന്നതാണ് 'ആഗോള മതപരിവര്‍ത്തനത്തിന്റെ നാള്‍വഴികള്‍' എന്ന തലക്കെട്ടില്‍ ആര്‍എസ്എസ് മുഖവാരിക കേസരിയില്‍ പ്രസിദ്ധീകരിച്ച ലേഖനം. മതപരിവര്‍ത്തനമെന്ന ഉണ്ടയില്ലാ വെടി കൊണ്ട് ഒരിക്കല്‍ക്കൂടി നാട്ടില്‍ വെറുപ്പ് പടര്‍ത്തി ക്രൈസ്തവരെ ഈ നാടിന്റെ ശത്രുപക്ഷത്ത് നിര്‍ത്താനുള്ള ഗൂഢലക്ഷ്യമാണ് ലേഖനത്തിന് പിന്നിലുള്ളതെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.


ചായമെത്ര തേച്ചാലും നീലക്കുറുക്കന് കൂവാതിരിക്കാന്‍ കഴിയില്ലെന്നത് പോലെയാണ് സംഘപരിവാറിന്റെ ക്രൈസ്തവ സ്‌നേഹം. ഛത്തീസ്ഗഡില്‍ അന്യായമായി തടങ്കലിലാക്കപ്പെട്ട കന്യാസ്ത്രീകള്‍ മോചിതരായപ്പോള്‍ അവര്‍ക്കൊപ്പം പോയിനിന്ന് ഫോട്ടോയെടുത്ത ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ളവരുടെ യഥാര്‍ത്ഥ മുഖമാണ് അനാവരണം ചെയ്യപ്പെട്ടത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിഷം തുപ്പി ശീലിച്ച ആര്‍എസ്എസിന്റെ ശീലം അവസാന ശ്വാസം വരെ തുടരുമെന്ന് പ്രഖ്യാപിക്കുകയാണ്. ഇതേ നിലപാട് തന്നെയാണോ കേരളത്തില്‍ കേക്കുമായി ക്രൈസ്തവ ഭവനങ്ങള്‍ കേറിനടക്കുന്ന ബിജെപിയുടേതെന്ന് അറിയാന്‍ താത്പര്യമുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു.

സംഘപരിവാര്‍ സംഘടനകളുടെ അന്ധമായ ന്യൂനപക്ഷ വിരോധത്തിനെതിരെ നാട് ജാഗ്രത പുലര്‍ത്തണം. ഓര്‍ഗനൈസറും കേസരിയുമൊക്കെ അച്ചടിക്കുന്നത് തന്നെ വെറുപ്പിന്റെ കടലാസ് കഷ്ണങ്ങളിലാണെന്ന് ജനം തിരിച്ചറിയുന്നുണ്ടെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

മിഷണറിമാര്‍ മതം മാറ്റുന്നവരാണെന്നും രാജ്യവിരുദ്ധരായി മാറുന്നുവെന്നുമാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വാരികയില്‍ പറയുന്നത്. ക്രൈസ്തവ രാജ്യം സ്ഥാപിക്കാനാണ് ശ്രമം. ഭാഷയിലും സംസ്‌കാരത്തിലും അധിനിവേശമുണ്ടെന്നും വിഘടനപരമായ ചിന്തയെ വളര്‍ത്തി സായുധ ഭീകരവാദത്തിലേക്ക് ആളുകളെ മിഷണറിമാര്‍ നയിക്കുകയാണെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.


മിസോറാം, ഒഡിഷ, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ സായുധ കലാപത്തിന് മിഷണറിമാര്‍ അതിവിപ്ലവ പ്രസ്ഥാനങ്ങളെ വിലയ്‌ക്കെടുത്തുവെന്നും ലേഖനത്തില്‍ പറയുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ എസ് ബിജുവാണ് ലേഖകന്‍.

Tags

Share this story

From Around the Web