അനുരഞ്ജനമില്ലാതെ നീതി സാധ്യമല്ല: പാപ്പാ

 
Leo papa

നിരവധി കഷ്ടപ്പാടുകൾക്കിടയിലും, മനുഷ്യാന്തസ്സും, പ്രത്യാശയും നഷ്ടപ്പെട്ടിട്ടില്ല എന്നത്  തടവുകാരുടെ ആത്മാർത്ഥത വെളിപ്പെടുത്തുന്നുവെന്നു പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. ദൈവത്തിന്റെ സ്നേഹത്തിൽ നിന്നും ആരെയും ഒഴിവാക്കുന്നില്ലെന്നും, ഓരോരുത്തർക്കും  അവരവരുടെ വ്യത്യസ്തമായ  ജീവിതവും, തെറ്റുകളും, കഷ്ടപ്പാടുകളുമൊക്കെ ഉണ്ടെങ്കിലും, കർത്താവിന്റെ ദൃഷ്ടിയിൽ ഏവരും വിലപ്പെട്ടതാണെന്നും പാപ്പാ ഓർമ്മപ്പെടുത്തി. ഇത് നമുക്ക് നിസംശയം പറയാമെന്നും, കാരണം യേശുവിന്റെ ഓരോ കണ്ടുമുട്ടലിലും, വാക്കിലും പ്രവൃത്തിയിലും ഇതാണ് വെളിപ്പെടുത്തിയതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

കുറ്റക്കാരനല്ലാത്തപ്പോഴും, അറസ്റ്റു ചെയ്യപ്പെട്ട്, ശിക്ഷിക്കപ്പെട്ടു അവസാനം വധിക്കപ്പെട്ടുവെങ്കിലും, അവസാനം വരെ നമ്മെ സ്നേഹിച്ചവനായിരുന്നു ക്രിസ്തുവെന്നു പാപ്പാ ചൂണ്ടിക്കാട്ടി. അതിനാൽ ഏറ്റവും കഠിനമായ ഹൃദയങ്ങളെ പോലും പരിവർത്തനപ്പെടുത്തുവാൻ സ്നേഹത്തിന്റെ ശക്തിക്ക് സാധിക്കുമെന്ന് അവൻ വിശ്വസിച്ചുവെന്നും പാപ്പാ അടിവരയിട്ടു.

സംസ്കാരങ്ങളും ഭാഷകളും പാരമ്പര്യങ്ങളും കൊണ്ട് സമ്പന്നമായ ഒരു നാടാണ് ഇക്വറ്റോറിയൽ ഗിനിയയെന്നും, കുടുംബങ്ങളും സമൂഹങ്ങളും വിശ്വാസവും ഈ രാജ്യത്തിന് വലിയ ശക്തിയുടെ ഉറവിടമാണെന്നും എടുത്തു പറഞ്ഞ പാപ്പാ, തടവുകാരെങ്കിലും ഏവരും ഈ രാജ്യത്തിൻറെ ഭാഗമാണെന്നു അനുസ്മരിപ്പിച്ചു. സമൂഹത്തെ സംരക്ഷിക്കുക എന്നതാണ് നീതി നിർവഹണം ലക്ഷ്യമിടുന്നതെന്നും, എന്നാൽ അത് ഫലപ്രദമാകണമെങ്കിൽ,   എല്ലായ്പോഴും ഓരോ വ്യക്തിയുടെയും അന്തസ്സും കഴിവും പ്രോത്സാഹിപ്പിക്കണമെന്നും പാപ്പാ പറഞ്ഞു. യഥാർത്ഥ നീതി ശിക്ഷിക്കുക എന്നതല്ല, മറിച്ച്  ഇരകളുടെയും കുറ്റവാളികളുടെയും തിന്മയാൽ മുറിവേറ്റ സമൂഹങ്ങളുടെയും ജീവിതം പുനർനിർമ്മിക്കുക എന്നതാണെന്നും പാപ്പാ അടിവരയിട്ടു. അനുരഞ്ജനമില്ലാതെ നീതി സാധ്യമല്ലെന്നും, അതിനാൽ, അനീതി മൂലമുണ്ടാകുന്ന മുറിവുകൾ തടയുന്നതിനും സുഖപ്പെടുത്തുന്നതിനും ജനത മുഴുവൻ പരിശ്രമിക്കണമെന്നും പാപ്പാ പറഞ്ഞു.

തുടർന്ന്, പ്രത്യാശയെയും, പരിവർത്തനത്തെയും എടുത്തു പറഞ്ഞ പാപ്പാ, ജയിൽ ഒരു ഏകാന്തവും വിജനവുമായ സ്ഥലമായി തോന്നാമെങ്കിലും, ഇത് ധ്യാനം, അനുരഞ്ജനം, വ്യക്തിപരമായ വളർച്ച എന്നിവയ്ക്കുള്ള ഒരു ഇടമായി മാറണമെന്ന് ആഹ്വാനം ചെയ്തു. ജീവിതം ഒരാളുടെ തെറ്റുകളാൽ മാത്രം നിർവചിക്കപ്പെടുന്നില്ലെന്നും, അവ പലപ്പോഴും ബുദ്ധിമുട്ടുള്ളതും സങ്കീർണ്ണവുമായ സാഹചര്യങ്ങളുടെ ഫലമായി ഉണ്ടാകുന്നതാണെന്നും അതിനാൽ   വീണ്ടും ആരംഭിക്കാനും പഠിക്കാനും ഒരു പുതിയ വ്യക്തിയാകാനും എല്ലായ്പ്പോഴും സാധ്യതയുണ്ടെന്നും പാപ്പാ എടുത്തു പറഞ്ഞു.

തടവുകാർ ഒറ്റക്കല്ലെന്നും, അവരുടെ കുടുംബങ്ങൾ സ്നേഹത്തോടെ അവർക്കായി കാത്തിരിക്കുന്നുവെന്നും, നിരവധിപേർ പ്രാർത്ഥനയിൽ അവരെ ഓർക്കുന്നുണ്ടെന്നും പാപ്പാ പറഞ്ഞു.

തടവുകാരുടെ ക്ഷേമത്തിനും, പരിവർത്തനത്തിനുമായി സേവനം അനുഷ്ഠിക്കുന്ന ജയിൽ അധികൃതർക്കും, അജപാലകർക്കും പാപ്പാ പ്രത്യേകം നന്ദിയർപ്പിച്ചു.

ക്ഷമിക്കുവാൻ ഒരിക്കലും ദൈവം മടുപ്പ് കാണിക്കുകയില്ലെന്നും, തെറ്റുകൾ തിരിച്ചറിയുകയും മാറ്റാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർക്ക് അവൻ എല്ലായ്പ്പോഴും ഒരു പുതിയ വാതിൽ തുറന്നുകൊടുക്കുകയും, ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു. 

"ദൈവം ഏവർക്കും എല്ലാം പുതുതായി ആരംഭിക്കാനുള്ള സമാധാനവും പ്രത്യാശയും ശക്തിയും നൽകട്ടെ", പാപ്പാ ഉപസംഹരിച്ചു.

Tags

Share this story

From Around the Web