'നോ ഐ.ഡി നോ എന്‍ട്രി' കേരളത്തില്‍ മദ്യം വാങ്ങാന്‍ പ്രായപരിധി, 23 വയസ്; കര്‍ണാടക മോഡല്‍ നടപ്പാക്കാന്‍ ചര്‍ച്ച
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള പ്രായപരിധി നിയന്ത്രണം കര്‍ശനമാക്കുന്നു. 23 വയസ് എന്ന നിബന്ധന കര്‍ശനമാക്കാന്‍ ചര്‍ച്ച.
കര്‍ണാടക മോഡല്‍ നടപ്പാക്കാനുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. 'നോ ഐ.ഡി നോ എന്‍ട്രി' എന്ന നിബന്ധനയാണ് കേരളത്തിലും നടപ്പാക്കുന്നത്. ഫയല്‍ നിലവില്‍ മുഖ്യമന്ത്രിക്ക് മുന്നിലാണുള്ളത്.
'നോ ഐഡി, നോ എന്‍ട്രി'; കര്‍ണാടകയിലെ കടുത്ത നിയമങ്ങള്‍
പ്രായപൂര്‍ത്തിയാകാത്തവര്‍ മദ്യശാലകളില്‍ പ്രവേശിക്കുന്നത് തടയാന്‍ താഴെ പറയുന്ന നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ളത്.
കൃത്യമായ തിരിച്ചറിയല്‍ രേഖകള്‍ (ഗവണ്‍മെന്റ് അംഗീകൃത പ്രായം തെളിയിക്കുന്ന രേഖ) ഇല്ലാത്ത ഒരാളെയും പബ്ബുകളിലോ ബാറുകളിലോ ഇനിമുതല്‍ പ്രവേശിപ്പിക്കാന്‍ പാടില്ല.
പ്രവേശന കവാടത്തിലും, അതോടൊപ്പം മദ്യം ഓര്‍ഡര്‍ ചെയ്യുന്ന സമയത്തും കര്‍ശനമായ പ്രായപരിശോധന നടത്തണം.
കവാടങ്ങളിലെ സിസിടിവി സംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കണം. ഇവയിലെ ദൃശ്യങ്ങള്‍ സുരക്ഷിതമായി സൂക്ഷിച്ചുവെക്കുകയും വേണം.
നിയമലംഘനം നടത്തിയാല്‍ ബാര്‍ ഉടമകള്‍, മാനേജര്‍മാര്‍, ലൈസന്‍സ് കൈവശമുള്ളവര്‍ എന്നിവര്‍ക്കെതിരെ നേരിട്ട് നിയമനടപടി സ്വീകരിക്കും.
കര്‍ശന നടപടിയുമായി പോലീസ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷനുകള്‍, സിറ്റിസണ്‍ ഗ്രൂപ്പുകള്‍ എന്നിവരുമായി സഹകരിച്ച് നിയമം കര്‍ശനമായി നടപ്പാക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കുട്ടികളുടെ സുരക്ഷയും ഭാവിയും പണയം വെച്ചുകൊണ്ട് വാണിജ്യ ലാഭം കൊയ്യാന്‍ ആരെയും അനുവദിക്കില്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നല്‍കി.