ഒരു മനുഷ്യനും തെരുവിലോ ആശുപത്രിയിലോ ഉപേക്ഷിക്കപ്പെടരുത് : കേരളത്തിന് സമഗ്ര മാനവ ആശ്രയകേന്ദ്ര നയം വേണം 

 
sabu jose

കേരളം സാമൂഹിക വികസനത്തിലും ആരോഗ്യരംഗത്തും ക്ഷേമപദ്ധതികളിലും രാജ്യത്തിന് മാതൃകയെന്ന് അഭിമാനത്തോടെ പറയുന്ന സംസ്ഥാനമാണ്. എന്നാൽ ഇന്നും ചികിത്സ കഴിഞ്ഞിട്ടും കൂട്ടിക്കൊണ്ടുപോകാൻ ആരുമില്ലാതെ ആശുപത്രികളിൽ കഴിയുന്നവരും, മക്കളാലും ബന്ധുക്കളാലും ഉപേക്ഷിക്കപ്പെട്ട വയോജനങ്ങളും, തെരുവുകളിൽ അലയുന്ന മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്നവരും നമ്മുടെ സമൂഹത്തിന്റെ മുന്നിൽ വലിയ ചോദ്യചിഹ്നമായി തുടരുകയാണ്.

ഒരു പരിഷ്കൃത സമൂഹത്തിൽ ഒരു മനുഷ്യനും തെരുവിലോ ആശുപത്രിയിലോ അനാഥനായി ഉപേക്ഷിക്കപ്പെടാൻ പാടില്ല. അത് ഒരു വ്യക്തിയുടെ മാത്രമല്ല, സമൂഹത്തിന്റെയും സർക്കാരിന്റെയും സംയുക്ത ഉത്തരവാദിത്തമാണ്.

ജുവനൈൽ ജസ്റ്റിസ് ആക്ട് നിലവിൽ വന്നതിനുശേഷം, പതിറ്റാണ്ടുകളായി നിസ്വാർത്ഥമായി ശിശുക്കളെയും നിരാലംബരെയും സംരക്ഷിച്ചിരുന്ന നിരവധി സന്നദ്ധ സ്ഥാപനങ്ങൾ പുതിയ നിയമപരവും ഭരണപരവുമായ വ്യവസ്ഥകൾ പാലിക്കുന്നതിൽ പ്രയാസങ്ങൾ നേരിട്ടു. ആവശ്യമായ പിന്തുണയും സഹകരണവും ലഭിക്കാത്തതോടെ ചില സ്ഥാപനങ്ങൾക്ക് പ്രവർത്തനം ചുരുക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യേണ്ടിവന്നു. ഇത്തരത്തിലുള്ള സേവനസ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയും അവയെ സർക്കാരിന്റെ പങ്കാളികളാക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

സമീപകാലത്ത് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സ പൂർത്തിയായിട്ടും കൂട്ടിക്കൊണ്ടുപോകാൻ ആളില്ലാത്ത നിരവധി പേർ തുടരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടവയല്ല; സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ സമാന സാഹചര്യങ്ങൾ ഇടയ്ക്കിടെ ഉണ്ടാകുന്നുണ്ട്. ചികിത്സ പൂർത്തിയായ ഒരാൾക്ക് പോകാൻ ഒരിടമില്ലെങ്കിൽ, അത് ആരോഗ്യരംഗത്തിന്റെ മാത്രം പ്രശ്നമല്ല; സാമൂഹ്യനീതി സംവിധാനത്തിന്റെയും പുനരധിവാസ സംവിധാനത്തിന്റെയും അപര്യാപ്തതയിലേക്കാണ് വിരൽചൂണ്ടുന്നത്.

കേരള സർക്കാർ വിവിധ ക്ഷേമപദ്ധതികൾക്കായി ഓരോ വർഷവും കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നു. വിവിധ വിഭാഗങ്ങൾക്ക് യാത്രാനുകൂല്യങ്ങൾ, ശമ്പളങ്ങൾ, പെൻഷനുകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ നൽകുകയും പൊതുജനാരോഗ്യത്തിനും സാമൂഹ്യക്ഷേമത്തിനുമായി വലിയ തുക വകയിരുത്തുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിൽ, ആരുമില്ലാതെ ഉപേക്ഷിക്കപ്പെട്ട മനുഷ്യരുടെ സംരക്ഷണത്തിനും പുനരധിവാസത്തിനുമായി സംസ്ഥാനതലത്തിൽ സമഗ്രമായ ഒരു പദ്ധതിക്ക് മുൻഗണന നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കേരളത്തിലെ എല്ലാ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും, തെരുവുകളിലും പൊതുസ്ഥലങ്ങളിലും ഉപേക്ഷിക്കപ്പെട്ട് കഴിയുന്നവരുടെ കൃത്യമായ വിവരശേഖരണം സർക്കാർ അടിയന്തരമായി നടത്തണം. അവർ ആരാണ്, എവിടെ നിന്നുള്ളവരാണ്, കുടുംബവുമായി ബന്ധപ്പെടാൻ കഴിയുമോ, ചികിത്സയോ മാനസികാരോഗ്യ സേവനമോ പുനരധിവാസമോ ആവശ്യമുണ്ടോ എന്നത് കണ്ടെത്താൻ പ്രത്യേക ദൗത്യസംഘത്തെ നിയോഗിക്കണം.

"കേരളത്തിൽ ഒരു മനുഷ്യനും തെരുവിലോ ആശുപത്രിയിലോ അനാഥനായി ഉപേക്ഷിക്കപ്പെടില്ല" എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ സമഗ്രമായ കർമ്മപദ്ധതി പ്രഖ്യാപിക്കണം. എല്ലാ ജില്ലകളിലും മാനവ ആശ്രയകേന്ദ്രങ്ങൾ (Human Shelter Centres) ആരംഭിക്കുകയും സാമൂഹ്യനീതി വകുപ്പ്, ആരോഗ്യ വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, പോലീസ്, അംഗീകൃത സന്നദ്ധസംഘടനകൾ, ജീവകാരുണ്യ പ്രവർത്തകർ എന്നിവർ ചേർന്ന് പ്രവർത്തിക്കുന്ന ഏകോപിത സംവിധാനമാക്കുകയും വേണം.

ചികിത്സ കഴിഞ്ഞ് പോകാൻ ആളില്ലാത്തവർ, തെരുവിൽ കഴിയുന്ന നിരാലംബർ, വയോജനങ്ങൾ, മാനസിക വെല്ലുവിളികൾ നേരിടുന്നവർ, കുടുംബം ഉപേക്ഷിച്ചവർ എന്നിവർക്കായി താൽക്കാലിക താമസം, ഭക്ഷണം, ചികിത്സ, കൗൺസിലിംഗ്, നിയമസഹായം, കുടുംബപുനരൈക്യം, പുനരധിവാസം എന്നിവ ഉറപ്പാക്കുന്ന സമഗ്ര സേവനങ്ങൾ എല്ലാ ജില്ലകളിലും ലഭ്യമാക്കണം.

നന്മ ചെയ്യാൻ മുന്നോട്ടുവരുന്ന സന്നദ്ധപ്രവർത്തകരെയും ജീവകാരുണ്യ സംഘടനകളെയും സംശയത്തോടെ കാണാതെ, വ്യക്തമായ മാർഗനിർദേശങ്ങളുടെയും മേൽനോട്ടത്തിന്റെയും അടിസ്ഥാനത്തിൽ സർക്കാരിന്റെ വികസന പങ്കാളികളാക്കണം. സർക്കാർ സംവിധാനങ്ങളും സന്നദ്ധ സേവനവും കൈകോർക്കുമ്പോഴാണ് കൂടുതൽ മനുഷ്യജീവിതങ്ങൾ രക്ഷിക്കപ്പെടുക.

മൃഗങ്ങളുടെ സംരക്ഷണം ഒരു സാംസ്കാരിക സമൂഹത്തിന്റെ കടമയാണ്; അതുപോലെ തന്നെ മനുഷ്യജീവന്റെ സംരക്ഷണം അതിനേക്കാൾ വലിയ ധാർമ്മികവും ഭരണഘടനാപരവുമായ ഉത്തരവാദിത്തമാണ്. ഉപേക്ഷിക്കപ്പെട്ട ഓരോ മനുഷ്യനും സുരക്ഷിതമായ അഭയവും മാന്യമായ ജീവിതവും ഉറപ്പാക്കാൻ കഴിയുമ്പോഴാണ് കേരളം യഥാർത്ഥ അർഥത്തിൽ കരുണയും സാമൂഹ്യനീതിയും ഉയർത്തിപ്പിടിക്കുന്ന സംസ്ഥാനമാകുന്നത്.

ഇത് ഒരു രാഷ്ട്രീയ വിഷയമല്ല; മനുഷ്യത്വത്തിന്റെ വിഷയമാണ്. ഒരു മനുഷ്യനും തെരുവിലോ ആശുപത്രിയിലോ അനാഥനായി കിടക്കാത്ത കേരളം സൃഷ്ടിക്കാൻ സർക്കാർ അടിയന്തരമായി സമഗ്രമായ "മാനവ ആശ്രയകേന്ദ്ര പദ്ധതി" പ്രഖ്യാപിക്കണമെന്ന് അഭ്യർഥിക്കുന്നു.


✍️ സാബു ജോസ് 
ചെയർമാൻ
പ്രോ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ്
📞 9446329343

Tags

Share this story

From Around the Web