യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഉടനില്ല; എംഡിആര്‍ നടപ്പാക്കല്‍ ദീപാവലിക്ക് ശേഷം,ഒക്ടോബര്‍ 15 മുതല്‍ നടപ്പാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്
 

 
upi

 
ന്യൂഡല്‍ഹി: യുപിഐ ഇടപാടുകളിലെ മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍) നടപ്പിലാക്കുന്നത് നീട്ടി. ദീപാവലിക്ക് ശേഷം നടപ്പിലാക്കുമെന്നാണ് പുതിയ അറിയിപ്പ്. തിയതി പിന്നീട് അറിയിക്കും. ഇന്ന് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഉത്സവ സീസണിലെ തിരക്കുകള്‍ കണക്കിലെടുത്താണ് യുപിഐ ഇടപാടുകള്‍ക്കായുള്ള എംഡിആര്‍ നടപ്പിലാക്കുന്നത് മാറ്റിയതെന്ന് യുപിഐ ആന്‍ഡ് സര്‍വീസസ് സ്റ്റീയറിങ് കമ്മിറ്റി അറിയിച്ചു. വ്യവസായ സ്ഥാപനങ്ങള്‍, ഫിന്‍ടെക് കമ്പനികള്‍, പേയ്‌മെന്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍, വ്യാപാരി സംഘടനകള്‍ എന്നിവര്‍ ഇതുസംബന്ധിച്ച് നിവേദനം നല്‍കിയിരുന്നു.

കഴിഞ്ഞ സെപ്തംബറിലാണ് 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് 0.4 ശതമാനമായി എംഡിആര്‍ നിശ്ചയിച്ചത്. ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ പ്രോസസ്സ് ചെയ്യുന്നതിന് വ്യാപാരികളില്‍ നിന്ന് ഈടാക്കുന്ന ഫീസാണ് എംഡിആര്‍. ഇതനുസരിച്ച് 2,000 രൂപയ്ക്ക് 8 രൂപയും, 10,000 രൂപയ്ക്ക് 40 രൂപയുമാണ് ഫീസ് വരുന്നത്.


അതേസമയം റെയില്‍വേ, ടെലികോം, ഇന്‍ഷുറന്‍സ്, ഇന്ധനം, കാര്‍ഷികോപകരണങ്ങള്‍ തുടങ്ങിയ തിരഞ്ഞെടുത്ത മേഖലകളില്‍ 2,000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകള്‍ക്ക് 5 രൂപയുടെ ഫ്‌ലാറ്റ് എംഡിആര്‍ ആണ് ബാധകമാക്കിയിട്ടുള്ളത്. വ്യാപാരികള്‍ക്ക് ലഭിക്കുന്ന 2,000 രൂപയില്‍ താഴെയുള്ള യു.പി.ഐ ഇടപാടുകള്‍ക്കും നിരക്ക് ഈടാക്കില്ല. തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

Tags

Share this story

From Around the Web