ക്രിസ്ത്യന്‍ മതനേതാക്കള്‍ക്ക് പ്രവേശനമില്ല; ബോര്‍ഡുകള്‍ സ്ഥാപിച്ച് ഛത്തീസ്ഗഢിലെ നാല് പഞ്ചായത്തുകള്‍
ജഷ്പൂര്‍ (ഛത്തീസ്ഗഢ്): മിഷനറിമാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഛത്തീസ്ഗഡിലെ നാല് പഞ്ചായ ത്തുകള്‍. ക്രിസ്ത്യന്‍ മതനേതാക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡുകള്‍ ഗ്രാമങ്ങളുടെ അതിര്‍ത്തികളില്‍ സ്ഥാപിക്കുകയും ചെയ്തു.
ഗോത്രവര്‍ഗ ഭൂരിപക്ഷ മേഖലയായ ജഷ്പൂര്‍ ജില്ലയിലെ സഗോഡ, ചാഡിയ, ഡുമര്‍ടോളി, ടെംപൂര്‍ എന്നീ പഞ്ചായത്തുകളാണ് വൈദികര്‍, കന്യാസ്ത്രീകള്‍, മിഷനറിമാര്‍, പാസ്റ്റര്‍മാര്‍ എന്നിവര്‍ ഗ്രാമങ്ങളില്‍ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള പ്രമേയം പാസാക്കിയത്.
മതപരമായ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവേശിക്കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് പറയുമ്പോഴും വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും പാസ്റ്റര്‍മാര്‍ക്കും ഈ ഗ്രാമങ്ങളില്‍ പ്രവേശിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.
ഛത്തീസ്ഗഢിലെ ഗോത്രവര്‍ഗ മേഖലയായ ബസ്തറിലെ അന്‍പതിലധികം ഗ്രാമപഞ്ചായത്തുകളില്‍ സമാനമായ നിയന്ത്രണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ജഷ്പൂരിലും സമാനമായ സാഹചര്യം രൂപപ്പെട്ടത്.
രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയാണ് ഈ തീരുമാനം ഉണ്ടായതെന്ന ആരോപണവും ശക്തമാകുകയാണ്. ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന ചടങ്ങില്‍ ഭരണകക്ഷിയായ ബിജെപിയുടെ ജഷ്പൂര്‍ എം എല്‍എ റെയ്മുനി ഭഗത് സന്നിഹിതയായിരുന്ന തായും റിപ്പോര്‍ട്ടുകളുണ്ട്.
ഗ്രാമസഭകളുടെ തീരുമാനത്തിനെതിരെ ക്രിസ്ത്യന്‍ ഗോത്രവര്‍ഗ പ്രതിനിധികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് തീരുമാനങ്ങളെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
പെസ നിയമ പ്രകാരമാണ് മിഷനറിമാര്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നത്. ഗോത്രവര്‍ഗ ആചാരങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കാന്‍ ഗ്രാമസഭക ള്‍ക്ക് അധികാരം നല്‍കുന്നതാണ് ഈ നിയമം. അതേസമയം ഇത്തരം വിലക്കുകള്‍ ഏര്‍പ്പെടുത്താന്‍ പെസ നിയമത്തിലൂടെ കഴിയുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. മിഷനറിമാര്‍ക്ക് പ്രവേശനം നിഷേധിച്ചതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും നിശബ്ദതപാലിക്കുകയാണ്.