കിന്‍ഷാസയ്ക്കു സമീപം തടഞ്ഞുവച്ച ബോട്ടിലെ യാത്രക്കാര്‍ക്ക് എബോളയില്ല: ആശ്വാസമായി റിപ്പോര്‍ട്ട്
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ തലസ്ഥാനമായ കിന്‍ഷാസയ്ക്ക് സമീപം തടഞ്ഞുവച്ച ബോട്ടിലെ യാത്രക്കാരില്‍ നടത്തിയ എബോള പരിശോധനാഫലം നെഗറ്റീവാണെന്ന് ആരോഗ്യ അധികൃതര്‍ അറിയിച്ചു.
ബോട്ടിലുണ്ടായിരുന്ന ഒരു യാത്രക്കാരന്‍ എബോള ലക്ഷണങ്ങളോടെ മരിച്ചതിനെത്തുടര്‍ന്ന് വൈറസ് പടര്‍ന്നിരിക്കാമെന്ന ആശങ്കയാണ് ഇതിലൂടെ ഒഴിവായത്.
കിന്‍ഷാസയില്‍ നിന്ന് ഏകദേശം 65 കിലോമീറ്റര്‍ അകലെ മാലുക്കു എന്ന സ്ഥലത്തുവച്ചാണ് അധികൃതര്‍ ബുധനാഴ്ച ബോട്ട് തടഞ്ഞത്.
ഈ ബോട്ടില്‍ യാത്ര ചെയ്തിരുന്ന 32 കാരനായ ഒരാള്‍ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയില്‍ വച്ച് മരിച്ചിരുന്നു. ഇയാള്‍ക്ക് എബോള ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്ന സംശയത്തെത്തുടര്‍ന്നാണ് ബോട്ട് തടഞ്ഞത്.
ബോട്ടിലുണ്ടായിരുന്ന 300-ഓളം യാത്രക്കാരെയും ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കി. ഇതില്‍ പനി, തലവേദന തുടങ്ങി മലേറിയയോട് സാമ്യമുള്ള ലക്ഷണങ്ങള്‍ കാണിച്ച ഏഴ് പേരുടെ സാമ്പിളുകള്‍ മാത്രമാണ് എബോള പരിശോധനയ്ക്കായി എടുത്തത്.
രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് മുമ്പ് രോഗം പകരാന്‍ സാധ്യതയില്ല എന്നതിനാല്‍ മറ്റുള്ളവരെ പരിശോധിച്ചില്ലെന്ന് കോംഗോയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് മേധാവി ജീന്‍-ജാക്വസ് മുയെംബെ വ്യക്തമാക്കി. പരിശോധിച്ച ഏഴുപേരുടെയും ഫലം നെഗറ്റീവാണ്.
ഒരു കോടി 70 ലക്ഷത്തിലധികം ജനങ്ങളുള്ള തലസ്ഥാന നഗരിയായ കിന്‍ഷാസയിലേക്ക് വൈറസ് പടരുന്നത് തടയാന്‍, നഗരത്തിലേക്ക് എത്തുന്ന എല്ലാ ബോട്ടുകളും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.