സ്ത്രീ സുരക്ഷാ പെൻഷൻ തുടരുന്നതിൽ തീരുമാനമായിട്ടില്ലെന്ന് മുഖ്യമന്ത്രി, ക്ഷേമപെൻഷൻ 3,000 രൂപയാക്കുമെന്നും ഉറപ്പ്

 
vd

തിരുവനന്തപുരം: സ്ത്രീ സുരക്ഷാ പെൻഷൻ തുടരുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കി. കഴിഞ്ഞ സർക്കാർ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഈ പദ്ധതി നടപ്പിലാക്കിയതെന്നും ഇത് സാമൂഹ്യ ക്ഷേമ പെൻഷന്റെ ഭാഗമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാമൂഹ്യ ക്ഷേമ പെൻഷൻ മുടങ്ങാതെ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. ഈ മാസത്തെ പെൻഷൻ സംബന്ധിച്ച ഉത്തരവ് ചൊവ്വാഴ്ച പുറത്തിറങ്ങും. ജനങ്ങൾക്ക് നൽകിയ വാഗ്ദാനപ്രകാരം ക്ഷേമപെൻഷൻ 3,000 രൂപയായി ഉയർത്തുന്നതിൽ കാലതാമസം വരുത്തില്ലെന്നും എത്രയും വേഗം പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ഗുണഭോക്തൃ പട്ടികയിൽ അർഹരായവർ ഉൾപ്പെടാതെയും അനർഹരായവർ ഉൾപ്പെട്ടും പോയിട്ടുണ്ടെന്ന പരാതികൾ സർക്കാർ പരിശോധിക്കുമെന്നും അർഹരായവർക്ക് പെൻഷൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന ഉമ്മൻ ചാണ്ടി ഇൻഷുറൻസ് പദ്ധതിയും നടപ്പിലാക്കും. ഒരു കുടുംബത്തിന് 25 ലക്ഷം രൂപ വരെ ലഭിക്കുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. ഇതിനായി വിവിധ വകുപ്പുകൾ തമ്മിൽ വിശദമായ ചർച്ചകൾ നടന്നുവരികയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട് മകൻ വിദേശത്താണെന്ന കാരണത്താൽ അമ്മയുടെ പെൻഷൻ നിഷേധിക്കപ്പെടുന്നതിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിയമസഭയിൽ ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായാണ് അർഹരായ ആർക്കും പെൻഷൻ മുടങ്ങില്ലെന്നും എന്നാൽ അനർഹരായവരെ പട്ടികയിൽ നിന്ന് ഒഴിവാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി മറുപടി നൽകിയത്.

Tags

Share this story

From Around the Web