ഏപ്രില്‍ 1 മുതല്‍ ടോള്‍ പ്ലാസകളില്‍ പണമിടപാടില്ല; പൂര്‍ണ്ണമായും ഡിജിറ്റലിലേക്ക്
ഡല്‍ഹി: രാജ്യത്തെ ദേശീയപാതകളിലൂടെയുള്ള യാത്ര ഇനി കൂടുതല്‍ വേഗത്തിലാകും.
വരാനിരിക്കുന്ന സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം മുതല്‍ (2026 ഏപ്രില്‍ 1) ടോള്‍ പ്ലാസകളില്‍ നേരിട്ട് പണം സ്വീകരിക്കുന്നത് നിര്‍ത്തലാക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയം തീരുമാനിച്ചു.
ഫാസ്ടാഗ്, യുപിഐ എന്നിവ വഴി മാത്രമാകും ഇനി മുതല്‍ ടോള്‍ നല്‍കാന്‍ സാധിക്കുക. നിലവില്‍ ടോള്‍ വരുമാനത്തിന്റെ 98 ശതമാനവും ഫാസ്ടാഗ് വഴിയാണ് ലഭിക്കുന്നത്.
അവശേഷിക്കുന്ന രണ്ട് ശതമാനം കൂടി ഡിജിറ്റല്‍ ട്രാക്കിലേക്ക് കൊണ്ടുവരികയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം.
2022-23 കാലയളവില്‍ ശരാശരി 734 സെക്കന്‍ഡ് ആയിരുന്ന കാത്തിരിപ്പ് സമയം ഫാസ്ടാഗ് വന്നതോടെ 47 സെക്കന്‍ഡായി കുറഞ്ഞിരുന്നു.
ഇത് ഇനിയും കുറയ്ക്കാന്‍ പുതിയ തീരുമാനം സഹായിക്കും. പണമിടപാടുകള്‍ക്കായി വാഹനം നിര്‍ത്തിയിടുന്നത് ഒഴിവാകുന്നതോടെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയും.
ടോള്‍ പിരിവ് പൂര്‍ണ്ണമായും ഡിജിറ്റലാകുന്നതോടെ കൃത്യമായ കണക്കുകളും സുതാര്യതയും ഉറപ്പുവരുത്താം. 2026 അവസാനത്തോടെ രാജ്യത്തെ എല്ലാ ടോള്‍ പ്ലാസകളിലും ഒട്ടും തടസ്സമില്ലാത്ത യാത്രാസൗകര്യം ഒരുക്കാനാണ് അതോറിറ്റി ലക്ഷ്യമിടുന്നത്.