മണവാട്ടിമാരില്ല, എല്ലാം അഭിനയം': വ്യാജ മാട്രിമോണിയല്‍ സൈറ്റ് വഴി തട്ടിപ്പ് നടത്തിയ സംഘം പിടിയില്‍
ന്യൂഡല്‍ഹി: വിവാഹാലോചനകള്‍ക്കായി പെണ്‍കുട്ടികളെ തിരയുന്ന യുവാക്കളെ ലക്ഷ്യമിട്ട് വ്യാജ മാട്രിമോണിയല്‍ സൈറ്റ് വഴി കോടികളുടെ തട്ടിപ്പ് നടത്തിയ സംഘത്തെ ഡല്‍ഹി പൊലീസ് സൈബര്‍ സെല്‍ പിടുകൂടി. ആഗ്ര കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വ്യാജ കോള്‍ സെന്റര്‍ വഴിയാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. 29-കാരനായ അഭിഭാഷകന്‍ അമിത് കുമാറാണ് ഈ തട്ടിപ്പിന്റെ പ്രധാന സൂത്രധാരന്‍.
വ്യാജ വെബ്സൈറ്റും പ്രൊഫൈലുകളും: 'ശാദിപാര്‍ട്ണര്‍.കോം' എന്ന പേരില്‍ വെബ്സൈറ്റും സോഷ്യല്‍ മീഡിയ പേജുകളും നിര്‍മ്മിച്ച്, ഇന്റര്‍നെറ്റില്‍ നിന്ന് ശേഖരിച്ച പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്.
തൊഴില്‍ ആപ്പുകള്‍ വഴിയും പത്രപ്പരസ്യങ്ങള്‍ വഴിയും ജോലിക്ക് എടുത്ത വനിതാ ജീവനക്കാരെക്കൊണ്ട് വിവാഹാലോചനയിലുള്ള പെണ്‍കുട്ടി എന്ന വ്യാജേനയോ അവരുടെ ബന്ധുക്കള്‍ എന്ന വ്യാജേനയോ യുവാക്കളോട് സംസാരിപ്പിച്ചു. തുടര്‍ന്ന് രജിസ്‌ട്രേഷന്‍, ഫയല്‍ ആക്ടിവേഷന്‍, കോണ്‍ടാക്റ്റ് നമ്പര്‍ അണ്‍ലോക്കിംഗ് തുടങ്ങിയ പേരുകളില്‍ 2,500 രൂപ മുതല്‍ 15,000 രൂപ വരെയുള്ള വിവിധ പാക്കേജുകളിലായാണ് പണം ഈടാക്കിയിരുന്നത്.
പണം വാങ്ങിയ ശേഷം പെണ്‍കുട്ടിക്ക് ജാതക ദോഷമുണ്ട്, കുടുംബത്തിന് എതിര്‍പ്പാണ്, മറ്റൊരു വിവാഹം ഉറപ്പിച്ചു തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് ആലോചനകള്‍ തന്ത്രപരമായി റദ്ദാക്കുകയായിരുന്നു പതിവ്.
അതേസമയം, ചെറിയ തുക നഷ്ടപ്പെടുന്നവര്‍ പൊലീസില്‍ പരാതി നല്‍കാന്‍ സാധ്യതയില്ലെന്ന കണക്കുകൂട്ടലില്‍, ഒരാളില്‍ നിന്ന് പരമാവധി 15,000 രൂപ മാത്രമാണ് വാങ്ങാന്‍ ടെലി-കോളര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നത്.
എന്നാല്‍ ബാങ്ക് അക്കൗണ്ടുകളും സ്ഥാപനവും ജയ എന്ന 44-കാരിയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. അമിത് കുമാര്‍ കേവലം ലീഗല്‍ അഡൈ്വസര്‍ എന്ന പദവിയില്‍ ഒതുങ്ങി നിന്ന് അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെടാതെ രക്ഷപ്പെടാന്‍ വഴിയൊരുക്കുകയായിരുന്നു.
ആരെങ്കിലും പരാതി നല്‍കിയാല്‍ ഉടന്‍ തന്നെ ആ തുക തിരികെ നല്‍കി പരാതി പിന്‍വലിപ്പിക്കുകയും, ഫ്രീസ് ചെയ്ത ബാങ്ക് അക്കൗണ്ടുകള്‍ അണ്‍ഫ്രീസ് ചെയ്യിക്കുകയും ചെയ്യുമായിരുന്നു.
നാഷണല്‍ സൈബര്‍ ക്രൈം പോര്‍ട്ടലില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ സെപ്റ്റംബര്‍ 4-ന് ആഗ്രയിലെ സികന്ദ്രയിലുള്ള കോള്‍ സെന്ററില്‍ ഡല്‍ഹി പൊലീസ് റെയ്ഡ് നടത്തി.
സ്ഥാപന ഉടമയായ ജയ, 8 വനിതാ ജീവനക്കാര്‍, പ്രധാന സൂത്രധാരനായ അഭിഭാഷകന്‍ അമിത് കുമാര്‍ എന്നിവര്‍ അറസ്റ്റിലായി. ഇവരില്‍ നിന്ന് 47 മൊബൈല്‍ ഫോണുകളും ഡെസ്‌ക്ടോപ്പുകളും പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്.