‘സമരത്തിൽ നിന്ന് പിന്നോട്ടില്ല: സർക്കാരിൽ നിന്ന് രേഖാമൂലം ഒരു ഉറപ്പും ലഭിച്ചിട്ടില്ല’; അമല -ജൂബിലി ആശുപത്രിയിലെ നഴ്സസ്

 
NURSES

തൃശൂർ: സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി അമല -ജൂബിലി ആശുപത്രിയിലെ നഴ്സസ്. സർക്കാർതലത്തിൽ നിന്ന് രേഖാമൂലം ഒരു ഉറപ്പും ലഭിച്ചിട്ടില്ല. മാധ്യമ വാർത്തകളുടെയും പ്രതികരണങ്ങളുടെയും പേരിൽ സമരം നിർത്താൻ കഴിയില്ലെന്നും യുഎൻഎ ഭാരവാഹികൾ ട്വന്റിഫോറിനോട് പ്രതികരിച്ചു. രേഖാമൂലം സർക്കാർ ഉറപ്പുനൽകട്ടെ എന്നും യുഎൻഎ ഭാരവാഹികൾ പറഞ്ഞു.

നഴ്സസിന് മിനിമം വേതനത്തിനുള്ള നിയമം നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. സമരം ചെയ്യുന്ന നഴ്സുമാരുടെ ആവശ്യം സർക്കാർ പരിഗണിക്കും. ഒരാഴ്ചയ്ക്കകം നടപടിയെന്നും തൃശ്ശൂർ അമല, ജൂബിലി ആശുപത്രികളിൽ സമരം ചെയ്യുന്ന നഴ്സസ് സമരത്തിൽ നിന്ന് പിന്മാറണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു ‌പ്രതികരണവുമായി സമരം ചെയ്യുന്ന നഴ്സസ് രം​ഗത്തെത്തിയത്.

തൃശൂർ ജൂബിലി, അമല ആശുപത്രികളിലെ മാനേജ്മെന്റുകളുമായി യുഎൻഎ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സമരം തുടരുന്നത്. മിനിമം വേതനത്തിന്റെ കാര്യത്തിൽ സർക്കാർതലത്തിൽ തീരുമാനമെടുക്കട്ടെ എന്ന നിലപാടിലാണ് മാനേജ്മെന്റുകൾ. ബിഷപ്പ് ഹൗസിനു മുൻപിലെ സമരം അവസാനിപ്പിക്കല്ലെന്ന് നഴ്സസ് അറിയിച്ചിരുന്നു. എഡിഎം വന്ന് ചർച്ച നടത്തിയിട്ടും നഴ്സസ് സമരത്തിൽ നിന്ന് പിന്മാറാൻ തയ്യാറായിട്ടില്ല.

Tags

Share this story

From Around the Web