എന്‍ഡിഎ മന്ത്രിയുടെ മകള്‍ക്കെതിരെ നടപടിയില്ലേ? പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ മുദ്രാവാക്യത്തില്‍ സോഷ്യല്‍ മീഡിയ
ഗുവാഹത്തി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചക്കെതിരെ അസമില്‍ നടന്ന പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ എന്‍ഡിഎ മന്ത്രിയുടെ മകള്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയ.
അസം കാബിനറ്റ് മന്ത്രിയും അസം ഗണ പരിഷത്ത് നേതാവുമായ കേശബ് മഹന്തയുടെ മകള്‍ ദിബിസയാണ് മോദിയെ അധിക്ഷേപിച്ച് മുദ്രാവാക്യം വിളിച്ചത്. ജൂലൈ 23ന് ഗുവാഹത്തിയില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിനിടെയായിരുന്നു സംഭവം.
'നീം കാ പട്ടാ കദ്വാ ഹേ, നരേന്ദ്ര മോദി' എന്നായിരുന്നു മുദ്രാവാക്യം. സിജെപി സമരത്തെ തുടര്‍ന്ന് രാജിവെച്ച മുന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനെതിരെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു ദിബിസ മുദ്രാവാക്യം വിളിച്ചിരുന്നത്.
സംഭവം വിവാദമായതോടെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. പറഞ്ഞ കാര്യം ശരിയല്ലെന്ന് മന്ത്രിയുടെ മകളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നായിരുന്നു ഹിമന്തയുടെ പ്രതികരണം.
എന്നാല്‍ എന്‍ഡിഎ മന്ത്രിയുടെ മകള്‍ സംസാരിച്ചത് പോലെ ഈ രാജ്യത്തെ മുസ്ലിം യുവാക്കള്‍ പ്രതികരിക്കുകയാണെങ്കില്‍ ഉടന്‍ തന്നെ നടപടി എടുത്തേനെയെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു. പുതിയ തലമുറയിലെ കുട്ടികള്‍ക്ക് തെറ്റ് കണ്ടാല്‍ തിരിച്ചറിയുമെന്നും കമന്റുകള്‍ ഉയരുന്നുണ്ട്.
അതേസമയം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികള്‍ ഡല്‍ഹിയിലെ സമരം അവസാനിപ്പിച്ചത്. എന്നാല്‍ ഈ ഉറപ്പുകള്‍ ലംഘിച്ച് അസം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഇതിനുപിന്നാലെയാണ് എന്‍ഡിഎ മന്ത്രിയുടെ മകള്‍ക്കെതിരെ എന്തുകൊണ്ട് നടപടിയില്ലെന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തിയത്.
പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് ഡല്‍ഹി പൊലീസ് ടെക് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സിജെപി സമരത്തിലെ വൈറല്‍ വിദ്യാര്‍ഥി അഭിനവ് ബിഷ്ടിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡല്‍ഹി പൊലീസ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്കെതിരെ നടപടിയെടുത്താല്‍ സമരം തുടരുമെന്ന മുന്നറിയിപ്പുമായി സിജെപി പ്രതിനിധികള്‍ രംഗത്തെത്തി. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ നാളെ തന്നെ രേഖാമൂലം കൈമാറണമെന്നും സിജെപി വക്താക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.