കൊടും ചൂടിന് ശമനമില്ല; സംസ്ഥാനത്ത് പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
വേനൽമഴ നൽകിയ ചെറിയ ആശ്വാസത്തിനിടയിലും സംസ്ഥാനത്ത് ഉയർന്ന താപനിലയെ പറ്റി മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഉച്ചയ്ക്ക് നൽകിയ അറിയിപ്പിൽ കേരളത്തിലെ വയനാടും ഇടുക്കിയും ഒഴികെയുള്ള ജില്ലകളിൽ വെള്ളിയാഴ്ച വരെ യെല്ലേ അലേർട്ട് പ്രഖ്യാപിച്ചു.
പുതിയ അറിയിപ്പ് പ്രകാരം ഈ ദിവസങ്ങളിൽ പാലക്കാട് ജില്ലയിൽ താപനില 40 °C വരെയും കൊല്ലം ജില്ലയിൽ 39°C വരെയും കോട്ടയം ജില്ലയിൽ 38 °C വരെയും താപനില ഉയർന്നേക്കാം.
അതേസമയം ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37 °C വരെ എത്തിയേക്കാം.
തലസ്ഥാനമായ തിരുവനന്തപുരം ജില്ലയിലാകട്ടെ താപനില സാധാരണയെക്കാൾ 4˚C വരെ കൂടി 36°C വരെയും ഉയരാൻ സാധ്യതയുണ്ട്.
കൂടാതെ ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം വയനാടും ഇടുക്കിയും ഒഴിച്ച് ഉള്ള ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, വെള്ളിയാഴ്ച വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട് എന്നും അറിയിപ്പ് ഉണ്ട്.