നിതിന്‍ രാജിന്റെ മരണം; ഡോക്ടര്‍ റാമിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

 
Nithin raj


 
കൊച്ചി: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതിയായ അധ്യാപകന്‍ ഡോ എം.കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല. ഹൈക്കോടതിയാണ് റാമിന് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.


തനിക്ക് ഈ സംഭവവുമായി യാതൊരുവിധ ബന്ധവുമില്ലെന്നും കള്ളക്കേസിലേക്ക് തന്നെ ബോധപൂര്‍വ്വം വലിച്ചിഴയ്ക്കുകയാണെന്നുമാണ് ജാമ്യാപേക്ഷയില്‍ ഡോ റാം വാദിച്ചത്.

 നേരത്തെ ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതി ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.


കഴിഞ്ഞ ഏപ്രില്‍ 10നാണ് തിരുവനന്തപുരം സ്വദേശിയായ നിതിന്‍ രാജ് അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ ദന്തല്‍ കോളജില്‍ ആത്മഹത്യ ചെയ്തത്. 

കോളജിലെ അധ്യാപകരില്‍ നിന്നും കടുത്ത മാനസിക പീഡനങ്ങളും ജാതി അധിക്ഷേപങ്ങളും കുട്ടി നേരിട്ടിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. 

ഇതേത്തുടര്‍ന്ന് വ്യാപകമായ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളാണ് ക്യാമ്പസിലും പുറത്തും അരങ്ങേറിയത്. കടുത്ത ജനരോഷത്തെ തുടര്‍ന്ന് പ്രതിയായ ഡോ. റാമിനെ കോളേജ് മാനേജ്മെന്റ് പിന്നീട് ജോലിയില്‍ നിന്നും പുറത്താക്കിയിരുന്നു.


വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന്‍ നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നു. നിതിന്‍ രാജിന്റെ മരണത്തില്‍ അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിരുന്നു.

Tags

Share this story

From Around the Web