നിതിന്‍ രാജിന്റെ മരണം; ഡോ. റാമിന്റെ മൂന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി
ഡെന്റല്‍ വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ആരോപണ വിധേയനായ അധ്യാപകന്‍ ഡോ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി.
വിദ്യാര്‍ത്ഥികളോട് അധ്യാപകന്‍ ഇങ്ങനെയാണോ പ്രവര്‍ത്തിക്കേണ്ടതെന്നും റാമിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. റാം മൂന്ന് മാസമായി ഒളിവിലാണെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു.
മനുഷ്യത്വരഹിതം എന്ന വാക്ക് മാത്രമാണ് മനസില്‍ വരുന്നതെന്നും കോടതി അറിയിച്ചു. എന്നാല്‍ ഡോ. റാം ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നാണ് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. ലോണ്‍ ആപ്പിനെ കുറിച്ച് ചോദിക്കുകയാണ് ചെയ്തതെന്നും അഭിഭാഷകന്‍ അറിയിച്ചു.
ക്ലാസ് മുറിയില്‍ ഒരു വിദ്യാര്‍ത്ഥിയെ ഈ രീതിയില്‍ അപമാനിക്കുന്നതിന്റെ ഫലം എന്താണ് എന്ന് മനസ്സിലായില്ലേയെന്നായിരുന്നു സുപ്രീംകോടതിയുടെ മറുപടി.അത്തരമൊരു പെരുമാറ്റത്തിലൂടെ അധ്യാപകന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും അറിയിച്ചു.
നിലവില്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ച് സംഘമാണ് കേസന്വേഷിക്കുന്നത്. പല തവണ ഡോ. റാമിനെ തേടി അന്വേഷണ സംഘം ആന്ധ്രയിലും മറ്റും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇയാളുമായി ഫോണില്‍ ബന്ധപ്പെട്ട ചിലരെ ചോദ്യം ചെയ്‌തെങ്കിലും പ്രതി എവിടെയുണ്ടെന്ന വിവരമൊന്നും ഇതുവരെ ലഭിച്ചില്ല. ഉപയോഗിച്ച ഫോണുകള്‍ പിന്നീട് പരിശോധിച്ചെങ്കിലും അത് പ്രവര്‍ത്തന രഹിതമായിരുന്നു.