നിതിൻ രാജിന്‍റെ മരണം: ഡോ.എം.കെ റാമിനെ കസ്റ്റഡിയിൽ വാങ്ങാൻ ക്രൈംബ്രാഞ്ച്; അന്വേഷണ പുരോഗതി ഇന്ന് ഹൈക്കോടതിയിൽ

 
NITHIN RAJ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്‍റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്‍റെ മരണത്തിൽ കേസിലെ മുഖ്യപ്രതി ഡോ.എം.കെ റാമിനെ കസ്റ്റഡിയിൽ വാങ്ങാൻ ക്രൈംബ്രാഞ്ച്. ഇതിനായി തലശ്ശേരി കോടതിയിൽ ഇന്ന് അപേക്ഷ നൽകും. അതേസമയം, കേസിലെ അന്വേഷണ വീഴ്ചയുമായി ബന്ധപ്പെട്ട ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവൻ സുധീർ കല്ലൻ ഇന്ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകും.

14 ദിവസത്തേക്കാണ് ഇയാളെ റിമാൻഡ് ചെയ്തത്. കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിൽ സ്വമേധയാ കീഴടങ്ങിയ ഇയാളെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കർണാടകയിൽ നിന്ന് റാമിനെ കസ്റ്റഡിയിൽ എടുത്തെങ്കിലും നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് കാണിച്ച് കോടതി വിട്ടയച്ചിരുന്നു.

സുപ്രിംകോടതി മാനദണ്ഡങ്ങൾ പാലിക്കാതെയാണ് അഞ്ചരക്കണ്ടി ഡെന്‍റൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജിന്‍റെ മരണത്തിൽ മുഖ്യപ്രതിയായ അധ്യാപകൻ ഡോ.എം.കെ റാമിനെ അറസ്റ്റ് ചെയ്തത് എന്ന് പറഞ്ഞായിരുന്നു തലശ്ശേരി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിട്ടയച്ചത്. അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഓറല്‍ പാത്തോളജി വിഭാഗം മേധാവിയായിരുന്ന ഡോ. കെ. റാമിനെതിരെ ആത്മഹത്യാപ്രേരണാകുറ്റം, പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നത്.

കടുത്ത ജനരോഷത്തെ തുടര്‍ന്ന് പ്രതിയായ ഡോ. റാമിനെ കോളേജ് മാനേജ്‌മെന്റ് പിന്നീട് ജോലിയില്‍ നിന്നും പുറത്താക്കിയിരുന്നു. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന്‍ നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നു. നിതിന്‍ രാജിന്റെ മരണത്തില്‍ അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി മറ്റ് വിദ്യാര്‍ഥികളും രംഗത്തെത്തിയിരുന്നു.

ക്ലാസ് മുറിയില്‍വച്ച് നിതിന്‍ രാജ് അധിക്ഷേപിക്കപ്പെട്ടുവെന്ന് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് സുപ്രിംകോടതിയും നിരീക്ഷിച്ചിരുന്നു. മറ്റ് വിദ്യാര്‍ഥികളുടെ മുന്നില്‍വച്ചാണ് അധിക്ഷേപിച്ചതെന്ന് മൊഴിയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. മുന്‍കൂര്‍ ജാമ്യം തള്ളുന്നത് മറ്റ് അധ്യാപകര്‍ക്കുള്ള സന്ദേശമാണ്. വിദ്യാര്‍ഥികളോട് മോശമായി പെരുമാറുന്ന അധ്യാപകര്‍ കാലം മാറിയെന്ന് തിരിച്ചറിയണമെന്നും സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. ഇത്രയും നാളായി പ്രതിയെ പിടികൂടാത്തതില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

Tags

Share this story

From Around the Web