നിതിന്‍ രാജിനെ ജാതി അധിക്ഷേപം നടത്തിയിട്ടില്ല. മൊഴി നല്‍കി പ്രതി ഡോ. റാം. എം കെ റാമിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു

 
dr ram

കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി ആര്‍ എല്‍ നിതിന്‍രാജിന്റെ മരണത്തില്‍, പിടിയിലായ അധ്യാപകന്‍ ഡോക്ടര്‍ എം കെ റാമിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. താന്‍ ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നും നിതിനെ മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നുമാണ് എം കെ റാമിന്റെ മൊഴി. കര്‍ക്കശക്കാരനായ അധ്യാപകനായിരുന്നു താനെന്നു ഡോ റാം മൊഴി നല്‍കി.


നിതിന്‍ രാജ് ജീവനൊടുക്കി മൂന്ന് മാസം കഴിഞ്ഞാണ് കേസില്‍ ഒന്നാം പ്രതിയായ ഡോ. എം കെ റാം പിടിയിലാകുന്നത്. ഇന്ന് പുലര്‍ച്ചെ കുടകില്‍ നിന്ന് കാറില്‍ പോവുകയായിരുന്ന റാമിനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തടഞ്ഞ് പിടികൂടുകയായിരുന്നു.

 കീഴടങ്ങാന്‍ റാം കണ്ണൂരിലേക്ക് പുറപ്പെട്ടതായിരുന്നു എന്നാണ് വിവരം. കണ്ണൂരിലെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിച്ച റാമിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

താടിവച്ച് രൂപം മാറിയാണ് എം കെ റാം ഒളിവു ജീവിതം നയിച്ചത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. പകരം മറ്റു രണ്ടുപേരുടെ മൊബൈല്‍ ഫോണുകള്‍ വഴിയായിരുന്നു ആശയവിനിമയം. ഒരാഴ്ചയോളം കുടകില്‍ ഒളിവില്‍ കഴിഞ്ഞത് മൊബൈല്‍ റേഞ്ച് പോലും ഇല്ലാത്ത സ്ഥലത്തായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. 

ഒളിവില്‍ കഴിയാന്‍ പ്രാദേശിക സഹായങ്ങള്‍ റാമിന് ലഭിച്ചിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. അതേസമയം, റാം നിരപരാധിയാണെന്നും ലോണ്‍ ആപ്പിന്റെ ഭീഷണിയാണ് നിതിന്‍ രാജിന്റെ ആത്മഹത്യയ്ക്ക് കാരണമെന്നും റാമിന്റ അഭിഭാഷകന്‍ ലത്തീഫ് ബഡകന്നൂര്‍ പറഞ്ഞു.

ഏപ്രില്‍ 10നായിരുന്നു ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജ് കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. നിതിന്‍ ജീവനൊടുക്കിയതിന് പിന്നാലെ റാം ഒളിവില്‍ പോയത് കര്‍ണാടകയിലേക്ക് ആയിരുന്നു. 

പിന്നീട് സ്വന്തം നാടായ ആന്ധ്രയിലെ ചിറ്റൂരിലും ഗുണ്ടൂരിലും ഒളിവു ജീവിതം നയിച്ചു . ആദ്യം ചക്കരക്കല്‍ പൊലീസും പിന്നീട് എസ്‌ഐടിയും അന്വേഷിച്ച കേസാണ് ഒടുവില്‍ സംസ്ഥാന ക്രൈംബ്രാഞ്ച് എത്തുന്നത്. 


ആഴ്ചകളോളം ആന്ധ്രയില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ റാമിനെ തിരിഞ്ഞെങ്കിലും ഒരു തുമ്പും കിട്ടിയിരുന്നില്ല. തലശ്ശേരി സെഷന്‍സ് കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയും റാമിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ തള്ളിയെങ്കിലും വീണ്ടും ദിവസങ്ങള്‍ എടുത്തു അറസ്റ്റ് ചെയ്യാന്‍. 

അതേസമയം, നിതിന്‍ രാജിന്റെ പിതാവ് രാജന്റെ പരാതിയിന്മേല്‍ തുടരന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു നിര്‍ണായകമായ നീക്കം.

Tags

Share this story

From Around the Web