ആശങ്കയുയർത്തി നിപ; മലപ്പുറത്ത് പ്രൈമറി കോൺടാക്ടിലുണ്ടായിരുന്ന സ്ത്രീ മരിച്ചു
നിപ ഫലം വരുന്നതുവരെ മൃതദേഹം സംസ്കരിക്കരുതെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി
Jul 9, 2025, 16:50 IST

മലപ്പുറത്ത് നിപ ബാധിച്ചു മരിച്ച യുവതിയുടെ പ്രൈമറി കോൺടാക്ടിലുണ്ടായിരുന്ന സ്ത്രീ മരിച്ചു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം. നിപ ബാധിച്ച് മരിച്ച 18കാരി ചികിത്സയിലിരുന്ന സമയത്ത് ഇവരും ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്നു. നിപ ഫലം വരുന്നതുവരെ മൃതദേഹം സംസ്കരിക്കരുതെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. മലപ്പുറം മങ്കട സ്വദേശിനിയാണ് കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ബയോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് യുവതിക്ക് നിപ സ്ഥിരീകരിച്ചത്. കഴിഞ്ഞമാസം 18-ാം തീയതിയാണ് മലപ്പുറത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുട്ടിയെ ചികിത്സയ്ക്ക് എത്തിക്കുന്നത്. അതിന് ശേഷം കോഴിക്കോടുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ജൂലൈ ഒന്നാം തീയതിയാണ് 18 കാരി മരിക്കുന്നത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടത്തി. എന്നാല്‍ പ്രാഥമിക പരിശോധനാ ഫലം പുറത്തുവന്നപ്പോൾ നിപ പോസിറ്റീവ് എന്ന് രേഖപ്പെടുത്തി. അതേസമയം, പാലക്കാട് ജില്ലയിൽ നിപ ബാധിച്ച യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. രോഗിക്ക് പ്രോട്ടോക്കോൾ പ്രകാരമുള്ള മോണോക്ലോണൽ ആന്റിബോഡി നൽകിയിട്ടുണ്ട്. കഴിഞ്ഞ മാസം 26-ാം തീയതിയാണ് മണ്ണാര്‍ക്കാടുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ യുവതിയെ പ്രവേശിപ്പിക്കുന്നത്. അവിടെ നിന്ന് പനി മൂര്‍ച്ഛിച്ചതിന് ശേഷം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകായിരുന്നു. എന്നാല്‍ നിപ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്നാണ് സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പരിശോധനയ്ക്ക് അയച്ചത്. ഈ പരിശോധനാ ഫലവും പോസിറ്റീവ് ആവുകയായിരുന്നു.