നിപ. ഹൈ റിസ്‌ക് സമ്പര്‍ക്കപ്പട്ടികയില്‍ നൂറിലേറെ പേര്‍. മൂന്നു കിലോമീറ്റര്‍ പരിധി കണ്ടെയ്ന്‍മെന്റ് സോണ്‍

 
NIPHA



പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. പാലക്കാട് നാട്ടുകല്‍ കിഴക്കുംപുറം സ്വദേശിനിയായ 38കാരിയിലാണ് രോഗം കണ്ടെത്തിയത്.

പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനാ ഫലമാണ് പോസിറ്റീവ് ആയത്. രോഗിയുടെ ആരോഗ്യനില ഗുരുതരമാണ്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്റര്‍ സഹായത്തിലാണ് ചികിത്സ.

രോഗിയുമായി സമ്പര്‍ക്കത്തിലുള്ള നൂറിലേറെ പേരെ ആരോഗ്യവകുപ്പ് ഹൈ റിസ്‌ക് പട്ടികയിലാക്കി നിരീക്ഷണത്തിലാക്കി. രോഗിയുടെ വീട്ടിലെയും സമീപ പ്രദേശങ്ങളിലെയും ബന്ധുക്കളും ഈ പട്ടികയിലുണ്ട്. പ്രദേശത്ത് വവ്വാലുകളുടെ സാന്നിധ്യം കൂടുതലാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ സൂചിപ്പിക്കുന്നു, ഇതുമൂലം സൂക്ഷ്മമായ നിരീക്ഷണവും ജാഗ്രതയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ചതോടെ, നാട്ടുകല്‍ കിഴക്കുംപുറം ഉള്‍പ്പെടുന്ന മൂന്നുകിലോമീറ്റര്‍ പരിധി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ആരോഗ്യ വകുപ്പ് പ്രദേശത്ത് നിരീക്ഷണവും കണ്‍ടാക്ട് ട്രേസിംഗും ശക്തിപ്പെടുത്തി.

രോഗലക്ഷണങ്ങള്‍ ആരംഭിച്ചതിന് ശേഷം രോഗി വിവിധ ക്ലിനിക്കുകളില്‍ ചികിത്സ തേടി, പിന്നീട് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

Tags

Share this story

From Around the Web